വസാനം ബ്രിട്ടീഷുകാർ കാത്തിരുന്ന ദിവസം വന്നുചേരാൻ പോകുന്നു. ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുമെന്ന് ബോറിസ് ജോൺസന്റെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് ബ്രിട്ടീഷ് ജനത സ്വീകരിച്ചത്.

കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി പലപല നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിക്കഴിഞ്ഞിരുന്ന ഒരു ജനത ഇനി പൂർവ്വസ്ഥിതിയിലുള്ള ജീവിതത്തിലേക്ക് തിരിച്ചുപോവുകയാണ്. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിൽ ആശങ്ക നിലനിൽക്കുമ്പോഴും, സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ തുറക്കുവാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.

എന്തൊക്കെ നിയന്ത്രണങ്ങളാണ് എടുത്തുമാറ്റുന്നത് ?

അടച്ചിട്ട മുറികൾക്കുള്ളിൽ പരമാവധി ആറുപേർ അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമേ ഒത്തുചേരാവൂ എന്ന നിബന്ധന ഇല്ലാതെയാവുകയാണ്. അതുപോലെ വാതിൽപ്പുറയിടങ്ങളിൽ ഒത്തുചേരാവുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധി ഇല്ലാതെയായിരിക്കുന്നു. വിവാഹം, മാമോദീസ, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ജനങ്ങളുടെ എണ്ണത്തിനുള്ള പരിധിയും എടുത്തുകളഞ്ഞിരിക്കുന്നു. അതുപോലെത്തന്നെ കലാ-സാംസ്‌കാരിക-കായിക വേദികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഇനിമുതൽ നിയന്ത്രണം ഉണ്ടായിരിക്കില്ല.

കോവിഡ് വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ലോക്ക്ഡൗൺ കാലത്ത് താഴുവീണ നിശാക്ലബ്ബുകൾക്ക് ഇതുവരെ ശാപമോചനം ലഭിച്ചിരുന്നില്ല. ഇപ്പോൾജൂലായ് 19 മുതൽ നിശാക്ലബ്ബുകളും തുറന്ന് പ്രവർത്തിക്കും. അതുപോലെ പൊതുവേദികളിൽ പാടുന്നതിനു ഉണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ, കൊറോണയെന്ന കുഞ്ഞു ഭീകരൻ രാജ്യത്തേക്ക് എത്തിനോക്കുന്നതിനു മുൻപ് ബ്രിട്ടനിലെ ജീവിതം എങ്ങനെയായിരുന്നുവോ അതുപോലുള്ള ജീവിതമായിരിക്കും ജൂലായ് 19 മുതൽ ഇനിയങ്ങോട്ട്.

പുതിയ നിർദ്ദേശങ്ങൾ

നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളയുമ്പോൾ ചില പുതിയ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്നുണ്ട്. ഇവ കേവലം നിർദ്ദേശങ്ങൾ മാത്രമാണ്. ഇവ പാലിച്ചില്ലെങ്കിൽ ശിക്ഷിക്കാൻ കഴിയുകയില്ല കാരണം ഇവ നിയമങ്ങളല്ല. അത്തരത്തിലുള്ള നിർദ്ദേശങ്ങളിൽ ഒന്നാണ് ആശുപത്രികളിലും, കെയർ ഹോമുകളിലും അതുപോലെ തിരക്കുള്ള പൊതുയിടങ്ങളിലും ജനങ്ങൾ മാസ്‌ക് ധരിക്കണം എന്നുള്ളത്. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ഇല്ലാതെയാകുന്നതോടെയാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.

അതേസമയം, ലണ്ടൻ അണ്ടർഗ്രൗണ്ട് പോലുള്ള ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നതിന് മാസ്‌ക് നിർബന്ധമാക്കിയേക്കും. സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്നതിന് മാസ്‌ക് നിർബന്ധമാക്കുവാനുള്ള അധികാരമുണ്ട്. റൈൻഎയറിൽ യാത്രചെയ്യണമെങ്കിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ, പബ്ബുകളിൽ പ്രവേശിക്കുന്നതിന് നേരത്തേതുപോലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്യേണ്ടതില്ല. ആ നിയമം എടുത്തുകളഞ്ഞിരിക്കുന്നു. എന്നാൽ, ഏതെങ്കിലും പബ്ബുകാർക്ക് അത്തരത്തിലൊരു നിബന്ധന വയ്ക്കുവാൻ അധികാരവുമുണ്ട്. അത് പൂർണ്ണമായും അവരുടെ വിവേചനാധികാരത്തിൽ അധിഷ്ഠിതമായിരിക്കും.

അതുപോലെ, ടേബിളിൽ ഇരുന്ന് മാത്രമേ മദ്യവും മറ്റും ഓർഡർ നൽകാവൂ എന്ന നിബന്ധനയും എടുത്തുകളഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ഏതെങ്കിലും പബ്ബുകളിൽ ഈ രീതി തുടരാൻ തീരുമാനിച്ചാൽ അതിനുള്ള അധികാരം അവർക്ക് ഉണ്ടായിരിക്കും. അതുപോലെ, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം എന്ന നിയമവും ഇല്ലാതെയായിരിക്കുന്നു. എന്നാൽ, വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും, വിദേശയാത്രക്കാർ എത്തിച്ചേരുന്ന അതിർത്തികളിലെ കേന്ദ്രങ്ങളിലും സാമൂഹിക അകലം നിർബന്ധമായി തുടരും.

വർക്ക് ഫ്രം ഹോം എന്ന നിയമം ഇല്ലാതെയായിരിക്കുന്നു. എന്നിരുന്നാലും, ജീവനക്കാർ ഓഫീസുകളിൽ എത്തി ജോലിചെയ്യണമോ അതോ വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്യുന്നത് തുടർന്നാൽ മതിയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അവകാശം തൊഴിലുടമകൾക്കായിരിക്കും. തൊഴിലിടങ്ങളിലെ നിയന്ത്രണങ്ങളും എടുത്തുമാറ്റിയെങ്കിലും, കൂടുതൽ അപകടസാധ്യത ഒഴിവാക്കുവാനായി മുറികളിൽ വായുസഞ്ചരം ഉറപ്പാക്കുവാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കെയർ ഹോമുകളിൽ ഓരോ അന്തേവാസിക്കും നേരത്തേ പേർ നൽകിയിട്ടുള്ള അഞ്ചു സന്ദർശകർ മാത്രം എന്ന നിയമവും ഇല്ലാതെയായി. പകരം പി പി ഇ ധരിക്കുക, കൃത്യമായ ശുചീകരണം തുടങ്ങിയവ നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ രാജ്യത്തിനകത്തെ ഒരു കാര്യത്തിനും ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരില്ല. അതേസമയം, സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പ്രവേശനം അനുവദിക്കണമെങ്കിൽ വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കുന്നതിനുള്ള അധികാരം അതാത് സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കും.

അനിശ്ചിതത്വം തുടരുന്ന മേഖലകൾ

വിദേശയാത്രാ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നത് സംബന്ധിച്ച് പൂർണ്ണമായ വ്യക്തത കൈവന്നിട്ടില്ല. അതിൽ ഏറ്റവും പ്രധാനം വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് വിദേശയാത്ര കഴിഞ്ഞെത്തുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കാനുള്ള നടപടിയാണ്. ഇത് എന്നു മുതൽ ആരംഭിക്കും എന്നത് വ്യക്തമാക്കിയിട്ടില്ല. അതുപോലെ സ്‌കൂളുകളിലെ ക്ലാസ്സ് ബബിളുകളുടെ കാര്യത്തിലും ഒരു തീരുമാനമായിട്ടില്ല.

എതിർപ്പുമായി ശാസ്ത്രലോകം

ലോക്ക്ഡൗണിന് ഒരു അവസാനം കണ്ടെത്തുന്നതിൽ ബ്രിട്ടനിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഹ്ലാദിക്കുമ്പോൾ സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ ആശങ്കാകുലരാണ്. ഈ സന്തോഷം അധികനാൾ നീണ്ടുനിൽക്കുകയില്ലെന്ന മുന്നറിയിപ്പാണ് അവർ സർക്കാരിനും ജനങ്ങൾക്കും നൽകുന്നത്. നിലവിൽ, മരണ നിരക്കും, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണെങ്കിലും, സമീപ ഭാവിയിൽ തന്നെ രോഗവ്യാപനം കുതിച്ചുയരുവാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് ഇവർ പറയുന്നത്.

പ്രതിരോധ ശേഷിയെ വെല്ലുവിളിക്കാൻ കഴിവുള്ള പുതിയ ഒരു വകഭേദമെത്തിയാൽ, ഇപ്പോൾ നീക്കുന്ന നിയന്ത്രണങ്ങൾ വീണ്ടുമെത്തുമെന്ന് അവർ പറയുന്നു. അതായത്, ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നടപടികൾ എല്ലാം തന്നെ ഹ്രസ്വകാലയളവിൽ മാത്രം ഫലപ്രദമായതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ മഹാമാരിയെ ചെറുക്കാൻ സുസ്ഥിരമായ ചില സ്വഭാവമാറ്റങ്ങളാണ് ആവശ്യമെന്നും ശാസ്ത്രോപദേശക സമിതി ചൂണ്ടിക്കാണിക്കുന്നു.

രോഗബാധിതരും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും സെൽഫ് ഐസൊലേഷനിൽ പോവുക, വർക്ക് ഫ്രം ഹോം തുടങ്ങിയവ ഇത്തരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ രോഗത്തെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് എന്ന് അവർ പറയുന്നു. ലോക്ക്ഡൗൺ പിൻവലിക്കുമ്പോഴും ഇത്തരത്തിലുള്ള ചില നിയന്ത്രണങ്ങൾ തുടരേണ്ടതാണെന്നും ശാസ്ത്രോപദേശക സമിതി ചൂണ്ടിക്കാട്ടുന്നു.