റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും ഹോട്ടൽ ക്വാറന്റൈൻ എന്നത് ഇനിയും കുറേക്കാലം കൂടി തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം, 1750 പൗണ്ടോളം ചെലവു വരുന്ന ഹോട്ടൽ ക്വാറന്റൈൻ കുറഞ്ഞ വരുമാനക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാൽ, സർക്കാർ ധനസഹായം നൽകുന്നതിനെ കുറിച്ച് ചിന്തിച്ചുവരുന്നതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളിൽ നിന്നും എത്തുന്ന കുറഞ്ഞ വരുമാനക്കാർക്ക് ഇത് അനുഗ്രഹമാകുമെങ്കിലും, സർക്കാരിന്റെ പുറത്ത് അധിക സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കുന്നു എന്ന ഒരു വസ്തുതകൂടി ഇതിലുണ്ട്.

ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ, 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിൽ പോകാന്നിർബന്ധിതരായ ചിലർ നിയമനടപടികൾക്ക് ഒരുങ്ങിയതോടെയാണ് ഇക്കാര്യം സർക്കാർ ചിന്തിക്കുന്നത്. കുറഞ്ഞവരുമാനക്കാർക്ക് ഈ സമ്പ്രദായം മൂലം വിവേചനം നേരിടേണ്ടി വരുന്നു എന്നും അതുകൊണ്ടുതന്നെ ഈ നിയമം പുനപരിശോധിക്കണം എന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കാൻ ഒരുങ്ങവേയാണ് പുതിയ നിയമഭേദഗതിക്കായി സർക്കാർ ആലോചിക്കുന്നത്.

ഇത്തരത്തിൽ എത്തുന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ചെലവ് എഴുതിത്ത്തള്ളുന്നതിനോ അല്ലെങ്കിൽ അതിൽ കൂടുതൽ കിഴിവുകൾക്കോ അപേക്ഷിക്കാം എന്ന് സർക്കാർ അഭിഭാഷകർ ബോധിപ്പിക്കുകയായിരുന്നു. എന്നാൽ, ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താൻ എട്ട് ആഴ്‌ച്ചക്കാലത്തെ സാവകശം വേണമെന്നും സർക്കാർ അഭിഭാഷകർ അറിയിച്ചു. ബ്രിട്ടനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നിലവിൽ റെഡ് ലിസ്റ്റിലാണ് ഉള്ളത്.

വിദേശയാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുന്ന അവസരത്തിലാണ് ഈ പുതിയ നിർദ്ദേശവും എത്തുന്നത്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർ,ആമ്പർ ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങുമ്പോൾ സെൽഫ് ഐസൊലേഷൻ ഒഴിവാക്കാം എന്ന നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. എന്നാൽ, ഇത് എന്നുമുതൽ നടപ്പിലാകും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതുവരെ ലഭിച്ചിട്ടില്ല.

ഹോട്ടൽ ക്വാറന്റൈൻ നയം, കാര്യമായ കൂടിയാലൊചനകളില്ലാതെ, പാർലമെന്റിൽ ധൃതിപിടിച്ച് പാസ്സാക്കിയതാണെന്ന് പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറയുന്നു. തീർത്തും നിസ്സഹായരായവരെ ഇത് എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് സർക്കാർ ചിന്തിച്ചില്ലെന്നും അവർ പറയുന്നു. ഏതായാലും, തങ്ങളുടെ പ്രവർത്തനഫലമായി സർക്കാർ ഇക്കാര്യം പുനർവിചിന്തനം ചെയ്യാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.