ലണ്ടൻ: പ്രണയം അതിന്റെ മുഴുവൻ തീവ്രതയോടേയും ജ്വലിച്ചു നിൽക്കുകയാണ് അഖിലിന്റെയും സാന്ദ്രയുടെയും മനസ്സിൽ. അതുകൊണ്ടുതന്നെയണ് വിവാഹബന്ധത്തിലൂടെ ഒരുമിക്കുവാനുള്ള തീരുമാനം അവർ എടുത്തതും.

എന്നാൽ, ലോകത്തെ മുഴുവൻ വൻവിപത്തായി ഗ്രസിച്ച കൊറോണ അവരുടെ സ്വപ്നങ്ങൾക്ക് മേലും കരിനിഴൽ വിരിച്ചു. പക്ഷെ, കൊറോണയെന്ന കുഞ്ഞൻ വൈറസിന് അറിയാതെപോയ ഒന്നുണ്ട്, ആത്മാർത്ഥ പ്രണയത്തിന്റെ ശക്തി. ആ ശക്തി ഒന്നുമാത്രമാണ് സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് നാട്ടിലെത്തി താലികെട്ടാൻ അഖിലിനു മുന്നിൽ നിന്നുകൊടുക്കാൻ സന്ദ്രയ്ക്ക് തുണയായതും.

നാലുവർഷം നീണ്ട പ്രണയമായിരുന്നു അഖിലിനും സാന്ദ്രയ്ക്കുമിടയിൽ. അഖിൽ കാനഡയിലും സാന്ദ്ര ബ്രിട്ടനിലും. അറ്റ്ലാന്റിക്കിന്റെ ഇരുവശങ്ങളിലും നിലവിലുള്ളത് വ്യത്യസ്തമായ ലോക്ഡൗൺ ചട്ടങ്ങളും യാത്രാ നിയന്ത്രണങ്ങളും. കോവിഡ് ആണെങ്കിൽ ഇനിയും ശമിച്ചിട്ടുമില്ല. എന്നിട്ടും കാത്തിരിക്കാൻ അവർ തയ്യാറായില്ല. പ്രണയത്തിന്റെ ശക്തിയിൽ എല്ലാ വെല്ലുവിളികളും നിഷ്പ്രഭമായപ്പോൾ അവർ താലിച്ചരടിലൂടെ ഒന്നിച്ചു.

ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് ആവശ്യമായ പരിശോധനകളും മറ്റും കഴിഞ്ഞ് അഖിൽ കാനഡയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങി. മെയ്‌ 2 ന് തന്റെ ദീർഘയാത്ര സാന്ദ്രയും ആരംഭിച്ചു. ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലെ ഹീത്രൂവിൽ എത്തിയശേഷം മണിക്കൂറുകളോളമാണ് അവർക്ക് കാത്തിരിക്കേണ്ടിവന്നത്. പിന്നീട് ഡൽഹി വഴി മെയ്‌ 4 ന് വൈകിട്ട് 8 മണിക്ക് സാന്ദ്ര കൊച്ചിയിലെത്തി. മെയ്‌ 5 ന് വെളുപ്പിന് 2 മണിക്ക് അഖിലും എത്തിച്ചേർന്നു.

തികച്ചും യാദൃശ്ചികമായിരിക്കാം മറ്റൊരു വെല്ലുവിളി അവരെ തേടിയെത്തിയത്. ഇത്രയേറെ യാതനകൾ സഹിച്ച് നാട്ടിലെത്തിയ മെയ്‌ 5 മുതൽ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആരംഭിക്കുന്നു. അഖിലും സാന്ദ്രയും വിമാനത്താവളത്തിൽ നിന്നും വേർപിരിഞ്ഞ് അവരവരുടെ വീടുകളിലേക്ക് യാത്രയായി, ഏഴുദിവസത്തെ സെൽഫ് ഐസൊലേഷൻ എന്ന നിർബന്ധിത ഏകാന്തതടവിനായി. ദിവസേന ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഇരുവരും പരസ്പരം മുൻകരുതലുകൾ എടുക്കുന്നതിനെ കുറിച്ച് ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

എട്ടാം ദിവസം സർക്കാർ ആശുപത്രിയിൽ രോഗപരിശോധനക്ക് പോയത് ഏറ്റവും അധികം ഭയപ്പെടുത്തിയ ഒന്നായിരുന്നു എന്ന് സാന്ദ്ര പറയുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും അല്ലാത്തവരുമായ രോഗികൾ യാതോരുവിധ സുരക്ഷാ മുൻകരുതലുകളോ സാമൂഹ്യ അകലം പാലിക്കലോ ഇല്ലാതെ അവിടെ തടിച്ചുകൂടിയിരുന്നതായി അവർ പറയുന്നു. ആരും സാനിറ്റൈസർ ഉപയോഗിക്കുന്നുമില്ലായിരുന്നു. ഇത്രയധികം ഗുരുതരമായ സാഹചര്യത്തിൽ പോലും ജനങ്ങൾ മുൻകരുതലുകളെ കുറിച്ച് ബോധവാന്മാരല്ലെന്ന സത്യം തന്നെ ഏറെ വേദനിപ്പിച്ചു എന്നും സാന്ദ്ര പറയുന്നു.

ഏറ്റവു വലിയ വിരോധാഭാസം ഇത് നടന്നത് അന്താരാഷ്ട്ര നഴ്സസ് ദിനമായ മെയ്‌ 12 നായിരുന്നു എന്നതാണ്. ഇക്കാര്യംബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചതായും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചതായും സാന്ദ്ര പറയുന്നു. ഏതായാലും വെല്ലുവിളികൾക്ക് ഒടുവിൽ പ്രത്യാശയുടേ കിരണവുമായി ഇരുവരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ തങ്ങളുടെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന വിശ്വാസവുമായി എന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹത്തിനു മുൻപുള്ള ചടങ്ങുകളും കൗൺസിലിംഗും മറ്റും ഓൺലൈൻ വഴി ആയതിനാൽ ക്വാറന്റൈനിൽ ആയിരിക്കുമ്പോൾ തന്നെ അതിലെല്ലാം പങ്കെടുക്കുവാൻ കഴിഞ്ഞു. കോവിഡ് ലോക്ക്ഡൗൺമൂർദ്ധന്യഘട്ടത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളത് 20 പേർക്ക് മാത്രം. ഇതിൽ ആരെയൊക്കെ ക്ഷണിക്കണം എന്ന് തീരുമാനിക്കാൻ താനും അഖിലും ഏറെ ബുദ്ധിമുട്ടിയെന്നും സാന്ദ്ര പറയുന്നു. ഒഴിവാക്കപ്പെട്ടവർ, സാഹചര്യം മനസ്സിലാക്കി തങ്ങളോട് പൊറുക്കുമെന്ന് ഉറപ്പുണ്ടെന്നും സാന്ദ്ര പറഞ്ഞു.

പിന്നീട് വിവാഹ നിശ്ചയമില്ലാതെ വിവാഹം നടത്താൻ അതിരൂപതയിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെയ്‌ 24 ന് വിവാഹം നടന്നു. ലോക്ക്ഡൗൺ ആയതിനാൽ കാര്യങ്ങൾ എല്ലാം വേണ്ട പോലെ നടക്കുവാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. വിവാഹശേഷം അഖിലിനൊപ്പം ബ്രിട്ടനിലേക്ക് വരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനായി അഖിലിന് വിസയ്ക്കായുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ലോക്ക്ഡൗൺ മൂലം പാസ്സ്പോർട്ട് സേവാ കേന്ദ്രം, വിസ ഓഫീസ് എന്നിവയൊന്നും തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിസയ്ക്കായി അപേക്ഷിക്കുവാനും കഴിഞ്ഞില്ല.

തന്റെ ലീവ് നീട്ടിക്കിട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീട് ബ്രിട്ടനിലേക്ക് ഒറ്റയ്ക്ക് മടങ്ങുവാൻ തീരുമാനിക്കുകയായിരുന്നു. 1750 പൗണ്ട് നൽകി, തിരികെയെത്തുമ്പോൾ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനുള്ള സൗകര്യവും ബുക്ക് ചെയ്തു. കൊച്ചിയിൽ നിന്നുള്ള വിമാനം ഹീത്രൂവിൽ എത്തിയ ഉടനെ അവിടെ തയ്യാറായി നിർത്തിയിരുന്ന ബസ്സിൽ ക്വാറന്റൈനായി ഒരുക്കിയിരുന്ന ഹോട്ടലിലെത്തി. തീർത്തും പരിതാപകരമായിരുന്നു അവിടത്തെ സേവനങ്ങൾ എന്ന് സാന്ദ്ര സാക്ഷ്യപ്പെടുത്തുന്നു. എത്തിയതിന്റെ രണ്ടാം ദിവസവും പിന്നെ എട്ടാം ദിവസവും നടത്തിയ രോഗപരിശോധനയിൽനെഗറ്റീവ് റിപ്പോർട്ട് ലഭിച്ചു.

പത്താം നാൾ ഹോട്ടലിൽ നിന്നും വിമാനത്താവളത്തിലെത്താനുള്ള യാത്രാ സംവിധാനം ഹോട്ടലുകാർ ഒരുക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രാവിലെ ഒമ്പത് മണിക്ക് അവിടെ നിന്നും ഒരു ബസ്സ് ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകുന്നുണ്ട്. ആവശ്യമെങ്കിൽ അതിൽ പോകണം. അല്ലെങ്കിൽ സ്വന്തം നിലയിൽ കാർ ബുക്ക് ചെയ്ത് പോകണം. അങ്ങനെ ടാക്സി പിടിച്ച് ഹീത്രുവിലെത്തി സുരക്ഷിതമായി നോർത്തേൺ അയർലൻഡിലെ വസതിയിൽ എത്തിച്ചേർന്നു. ഇനിയിപ്പോൾ അഖിൽ തന്നോടൊപ്പം ചേരുന്ന നിമിഷം കാത്തിരിക്കുകയാണെന്ന് പറഞ്ഞ് സാന്ദ്ര വിഷാദം കലർന്ന ഒരു പുഞ്ചിരി പൊഴിച്ചു.