കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാൻ സ്വാമിയെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആദിവാസികൾക്കും ദരിദ്രജനവിഭാഗങ്ങൾക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവർക്ക് കാലം മാപ്പുനൽകില്ല. ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നൽകുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. ബോംബെ ഹൈക്കോടതി പോലും ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്. ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിന്റെ ദുഃഖത്തിൽ ഇന്ത്യയിലെ ക്രൈസ്തവരുൾപ്പെടെ ജനസമൂഹം പങ്കുചേരുന്നവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.