- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഒട്ടുമിക്ക സർവ്വകലാശാലകൾക്കും വേണ്ടി രസതന്ത്രം ബുക്ക് തയ്യാറാക്കിയ അദ്ധ്യാപകൻ; കെമിസ്ട്രി ബോർഡ് ഓഫ് സ്റ്റഡീസിന്റെയും പരീക്ഷാ ബോർഡുകളുടെയും അധ്യക്ഷ സ്ഥാനം വഹിച്ച വ്യക്തി: അന്തരിച്ച പ്രഫ. എ. ഒ തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം

കണ്ണൂർ: അന്തരിച്ച പ്രഫ. എ. ഒ തോമസിന് കേരളത്തിന്റെ ആദരാഞ്ജലികൾ. രസതന്ത്ര പുസ്തകങ്ങളിലൂടെ സുപരിചിതനായ പ്രഫ. എ.ഒ.തോമസ് ഇന്നലെ പുലർച്ചെ കണ്ണൂർ താളിക്കാവിലെ ആലുക്കൽ വീട്ടിൽവച്ചാണ് മരിച്ചത്. 95 വയസ്സായിരുന്നു. സംസ്‌കാരം ഇന്നു 10ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: കോതമംഗലം ചക്കിയത്ത് കുടുംബാംഗമായ അന്ന തോമസ്. മക്കൾ: ഡോ. ജയൻ തോമസ്, ഡോ. രാജൻ തോമസ്, ഡോ. ആൻ മേരി (പറവൂർ), പ്രിയ ബെന്നി (ചെന്നൈ). മരുമക്കൾ: ഗീത വിജയൻ മാണിക്കിനാംപറമ്പിൽ, മീമി രാജൻ അയ്യനാട്ടുപാറയിൽ, ഡോ.പി.കെ.കുഞ്ചെറിയ പുത്തൻപുരയിൽ (പറവൂർ), ബെന്നി ജോൺ എടപ്പാട്ട് തയ്യിൽ (പ്രിൻസിപ്പൽ കമ്മിഷണർ, ഇൻകംടാക്‌സ്, ചെന്നൈ).
പാലാ സെന്റ് തോമസ് കോളജിലായിരുന്നു അദ്ധ്യാപന ജീവിതത്തിന്റെ തുടക്കം. ദീർഘകാലം കണ്ണൂർ എസ്എൻ കോളജ് രസതന്ത്ര വിഭാഗം മേധാവിയായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലും കൊല്ലം എസ്എൻ കോളജിലും പഠിപ്പിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കെമിസ്ട്രി ബോർഡ് ഓഫ് സ്റ്റഡീസിന്റെയും പരീക്ഷാ ബോർഡുകളുടെയും അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
1986ൽ എസ്എൻ കോളജിൽ നിന്നു വിരമിച്ച ശേഷവും വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്നു. ശ്രീകണ്ഠപുരം എസ്ഇഎസ്, പിലാത്തറ സെന്റ് ജോസഫ്‌സ് എന്നീ കോളജുകളുടെ സ്ഥാപക അംഗമാണ്. എസ്ഇഎസ് കോളജ് മാനേജരായും പ്രവർത്തിച്ചു. രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലെയും രസതന്ത്ര സിലബസുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തയാറാക്കിയത് എ.ഒ.തോമസ് ആയിരുന്നു. കെമിസ്ട്രിയുടെ അടിസ്ഥാന തത്വങ്ങൾ മുതൽ വികസിത തലം വരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന 240 പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്.

