- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ ഹോളിഡെസിനു ബ്രിട്ടനെ തുറന്നു വിടും;ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ പോയി മടങ്ങുന്നവർക്ക് സെൽഫ് ഐസൊലേഷൻ ഇല്ലാതെയാക്കിയേക്കും; ബ്രിട്ടീഷ് മലയാളികൾക്ക് കുറുക്കുവഴിയിലൂടെ നാട്ടിൽ പോകാൻ അവസരം
ലണ്ടൻ: വേനൽക്കാലത്തെ വരവേൽക്കുവാൻ ബ്രിട്ടൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി തകർന്നു കിടക്കുന്ന ട്രാവൽ-ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്വ് നൽകി വിദേശയാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ.
വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ബ്രിട്ടീഷുകാർക്ക് വിദേശങ്ങളിൽ വേനലവധിക്കാലം ചെലവഴിച്ച് തിരിച്ചെത്തിയാൽ സെൽഫ് ഐസൊലേഷന് വിധേയരാകേണ്ടതില്ല എന്നതാണ് അതിൽ പ്രധാനമായ ഒന്ന്. പ്രധാനമായും ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങൾ സന്ദർശിച്ചു വരുന്നവർക്കായിരിക്കും ഈ ഇളവ് ലഭിക്കുക.
ഈ തീരുമാനം നൂറുകണക്കിന് മലയാളികൾക്കും അനുഗ്രഹമായി മാറിയിരിക്കുന്നു. ഇന്ത്യ ഇപ്പോഴും റെഡ് ലിസ്റ്റിൽ ആയതിനാൽ സന്ദർശിച്ച് തിരിച്ചെത്തിയാൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്. വാക്സിൻ എടുത്തവർക്കും ഇതിന് വിധേയരായേ പറ്റൂ. എന്നാൽ, നേരിട്ട് ഇന്ത്യയിലേക്ക് പോകാതെ, ആംബർ ലിസ്റ്റിലുള്ള ഒരു രാജ്യത്തേക്ക് പോവുകയും അവിടെനിന്ന് ഇന്ത്യയിലെത്തുകയും പിന്നീട് അതേവഴി തിരിച്ചുപോവുകയും ചെയ്യുമ്പോൾ, വാക്സിന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കിയവർക്ക് ഹോം ക്വാറന്റൈൻ ഒഴിവാക്കാൻ സാധിക്കും.
ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. അഭ്യന്തര നിയന്ത്രണങ്ങൾ ഇല്ലാതെയാകുന്ന ജൂലായ് 19 മുതൽ ഇതും നടപ്പിലാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പലതും, പ്രത്യേകിച്ച് വിദേശയാത്രയുമായി ബന്ധപ്പെട്ടവ ഓഗസ്റ്റ് വരെ നീട്ടണം എന്നതായിരുന്നു മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന്റെ അഭിപ്രായം. പുതിയ രീതി നടപ്പിലാക്കുവൻ അതിർത്തി സുരക്ഷാ സേന കൂടുതൽ സമയം ചോദിച്ചെങ്കിലും, ഇക്കാര്യത്തിലുള്ള സമ്മർദ്ദം തിരിച്ചറിഞ്ഞ് ജൂലായ് 19 ന് മുൻപായി തന്നെ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറായിട്ടുണ്ട് എന്നാണ് അറിയുന്നത്.
ചെക്ക് ഇൻ സമയത്തും, ബ്രിട്ടനിൽ തിരിച്ചെത്തുമ്പോഴും യാത്രക്കാർ വാക്സിന്റെ രണ്ടു ഡോസുകളും പൂർത്തിയാക്കി എന്നതിന്റെ തെളിവുകൾ നൽകേണ്ടതായി വരും. ഇതിനായുള്ള ക്രമീകരണങ്ങൾ എയർലൈൻ കമ്പനികൾ തയ്യാറാക്കികഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഈ ആഴ്‌ച്ച മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങും. പൂർണ്ണമായും വാക്സിനേറ്റ് ചെയ്തവർക് പ്രത്യേക അറൈവൽ ലൈനുകൾ ഒരുക്കും. ഇതിന്റെ ആരംഭം എന്ന നിലയിൽ, ചില തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിനു മുൻപ് കൊറോണ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനുള്ള സൗകര്യമൊരുക്കും.
യാത്ര തുടങ്ങുന്നതിനു മുൻപേ വാക്സിൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്ന ഇവർക്ക് ഹീത്രൂവിൽ എത്തിയാൽ, പ്രത്യേക ലൈനിലൂടെ പുറത്തിറങ്ങാൻ കഴിയും. ബ്രിട്ടീഷ് എയർവേയ്സിലും വെർജിൻ അറ്റ്ലാന്റിക്കിലും നടത്തുന്ന ഈ പരീക്ഷണം, വാക്സിൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാം എന്ന് ബോദ്ധ്യപ്പെടുന്നതിനാണ്. അതല്ലെങ്കിൽ, വിമാനത്താവളങ്ങളിലും മറ്റും നീണ്ട ക്യു രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.
അതേസമയ, വിദേശയാത്രികർക്ക് നിലവിലുള്ളാ ക്വാറന്റൈന്മാറ്റുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ