മാസങ്ങൾക്കൊടുവിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ആവേശപൂർവ്വം വരവേൽക്കാൻ ബ്രിട്ടീഷ് ജനത ഒരുങ്ങിയിരിക്കുമ്പോൾ ഭയജനകമായ മുന്നറിയിപ്പുമായി എത്തുകയാണ് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. കോവിഡ് വ്യാപനത്തിനു മുൻപുള്ള നിലയിലേക്ക് ഈ വർഷം ബ്രിട്ടന് തിരികെയെത്താൻ ആകില്ലെന്നാണ് ക്രിസ് വിറ്റി പറയുന്നത്. ഇപ്പോൾ നീക്കം ചെയ്യുന്ന നിയന്ത്രണങ്ങളിൽ ചിലതൊക്കെ വരുന്ന ശൈത്യകാലത്ത് തിരികെ കൊണ്ടുവരേണ്ടതായി വരും എന്നും അദ്ദേഹം പറയുന്നു. അടുത്ത വസന്തകാലത്തോടെ മാത്രമേ ബ്രിട്ടന് കോവിഡ് ഭീതിയിൽ നിന്നു പൂർണ്ണ മുക്തി നേടി പഴയ രീതിയിലേക്ക് എത്താനാകൂ എന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഒരു പക്ഷെ അതിനു മുൻപ് തന്നെ ബ്രിട്ടൻ കോവിഡിനു മുൻപുള്ള ജീവിതത്തിലേക്ക് മടങ്ങിയാൽ അത് തീർത്തും അദ്ഭുതകരമായ ഒരു കാര്യമായിരിക്കും എന്നും അദ്ദേഹ സൂചിപ്പിക്കുന്നു. ജൂലായ് 19 ന് നിയന്ത്രണങ്ങൾ പാടെ നീക്കുന്നതോടെ കോവിഡ് മരണനിരക്കും, ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണവു ക്രമാതീതമായി വർദ്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതിനുപുറമേ, ലോക്ക്ഡൗൺ കാരണം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനായ ശ്വാസകോശ സംബന്ധിയായ മറ്റു രോഗങ്ങളും തലപൊക്കാൻ തുടങ്ങും. എന്നാൽ, മതിയായ എണ്ണം ആളുകൾക്ക് പൂർണ്ണമായും വാക്സിൻ നൽകിക്കഴിഞ്ഞാൽ അടുത്ത വസന്തകാലം ആകുമ്പോഴേക്കും കോവിഡ് വ്യാപനം കാര്യമായി കുറയും എന്നും അദ്ദേഹം പറഞ്ഞു.

ലോക്കൽ ഗവർണ്മെന്റ് അസ്സോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം അടുത്ത വിന്ററിൽ വീണ്ടും രോഗവ്യാപനം വർദ്ധിക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. അതേസമയം തൊട്ട് മുൻപത്തെ ദിവസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ ജൂലായ് 19 ന് നിയന്ത്രണങ്ങൾ നീക്കാനുള്ള സർക്കാർ നടപടികൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജൂലായ് 19 കഴിഞ്ഞും ലോക്ക്ഡൗൺ തുടരുന്നതുകൊണ്ട് രോഗവ്യാപനം കുറയാൻ പോകുന്നില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടുതൽ ദാരുണമായ ഒരു ശൈത്യകാലമായിരിക്കും കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നിരുന്നാൽ പോലും ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയും, പൊതുജനാരോഗ്യവുമെല്ലാം കണക്കിലെടുത്ത് ആവശ്യമുള്ളപ്പോൾ അവ പിൻവലിക്കാം എന്നും അദ്ദേഹ പറഞ്ഞിരുന്നു. ചുരുക്കത്തിൽ, ചില നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ലോക്ഡൗൺ പിൻവലിക്കുന്നതാണ് ഉത്തമം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ, കൂടുതൽ പേർക്ക് വാക്സിൻ നൽകുമെങ്കിലും ശൈത്യകാലത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കാൻ ഇടയുണ്ടെന്ന് മറ്റു ചില ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു. ആളുകൾ ഏറെ സമയം മുറികൾക്കുള്ളിൽ തന്നെ കഴിയുന്നതിനാൽ ഇതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ പറയുന്നു.

രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ അഭയം തേടുന്ന രോഗികളുടെ എണ്ണത്തിൽ ഇന്നലെ 50 ശതമാനം വർദ്ധനവാണ് ദൃശ്യമായത്. വരുന്ന ശൈത്യകാലത്ത് എൻ എച്ച് എസിനു മേൽ കനത്ത സമ്മർദ്ദം വന്നുചേരും എന്നതിന്റെ സൂചനയായി ആണ് ഇതിനെ കാണുന്നത്. കോവിഡ് മരണനിരക്കിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതെല്ലാം ആശങ്കകൾ നൽകുമ്പോഴും, പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കും കാത്ത് ജൂലായ് 19 നെ വരവേൽക്കുവാൻ കാത്തിരിക്കുകയാണ് ബ്രിട്ടീഷ് ജനത.