വിമാനത്തിൽ കയറാൻ എത്തിയ കൗമാരക്കാരയ മുപ്പത് വിദ്യാർത്ഥികൾ മാസ്‌ക് വെയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നോർത്ത് കരോലിനയിൽ നിന്നും ബഹാമസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റദ്ദ് ചെയ്തു. വിമാനം റദ്ദാക്കുകയും ഹോട്ടലിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ കുട്ടികൾ രാത്രി എയർപോർട്ടിൽ കിടന്നുറങ്ങി. തിങ്കളാഴ്ച ഷാർലറ്റ് ഡഗ്ലസ് എയർപോർട്ടിൽ നിന്നും പുറപ്പെടാനിരുന്ന ഫ്‌ളൈറ്റ് 893 യാണ് റദ്ദാക്കിയത്. കൗമാരക്കാരയ കുട്ടികൾ വളരെ നിന്ദ്യമായ രീതിയിലാണ് പെരുമാറിയത്.

17നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ മാസ്്ക് വെയ്ക്കാൻ വിസമ്മതിക്കുക ആയിരുന്നെന്ന് സഹയാത്രികർ പറയുന്നു. ഗ്രാജുവേഷൻ ട്രിപ്പിന്റെ ഭാഗമായി ബഹാമസിലേക്ക് പോവാനാണ് കുട്ടികൾ എയർപോർട്ടിൽ എത്തിയത്. എന്നാൽ 17 വയസ്സിൽ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അമേരിക്കൻ എയർലൈൻസ് അനുവദിക്കുമോ എന്ന് വ്യക്തമല്ല. സഹയാത്രികരോട് മര്യാദ ഇല്ലാതെ പെരുമാറിയ കുട്ടികൾ ക്രൂ മെംബേഴ്‌സിന്റെ നിർദേശങ്ങൾ പാലിക്കാനും തയ്യാറായില്ലെന്നും എയർലൈൻ വ്യക്തമാക്കി.

കുട്ടികൾ പ്രശ്‌നം ഉണ്ടാക്കിയതോടെ വിമാനം ആറ് മണിക്കൂറോളം വൈകി. ഇതോടെ മറ്റ് യാത്രക്കാരും ബഹളം വെച്ച് തുടങ്ങി. തുർന്ന് വിമാനം റദ്ദാക്കുക ആയിരുന്നു. ഇതോടെ യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ലഭ്യമാക്കുകയും ചൊവ്വാഴ്ചത്തേക്ക് വിമാനം റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കുട്ടികൾ ചെറിയ പ്രായക്കാരായതിനാൽ ഹോട്ടലിൽ റൂമിനുള്ള അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് കുട്ടികൾ എയർപോർട്ടിൽ കിടന്നാണ് ഉറങ്ങിയത്.