ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ബ്രൂക്ക്‌ലിനു സമീപമുള്ള കോണി ഐലന്റിൽ ജൂലൈ 4 അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ നേതൻസ് ഹോട്ട്ഡോഗ് തീറ്റ മത്സരത്തിൽ നിലവിലുള്ള വേൾഡ് ചാംപ്യൻ ജോയ് ചെസ്റ്റനട്ട് തന്റെ നിലവിലുള്ള റിക്കാർഡ് തകർത്ത് 10 മിനിറ്റ് കൊണ്ടു 76 ഹോട്ട് ഡോഗുകൾ അകത്താക്കി. കഴിഞ്ഞ വർഷം പാൻഡമിക്കിനെ തുടർന്നു മാധ്യമങ്ങളെ മാത്രം സാക്ഷി നിർത്തി നടത്തിയ മത്സരത്തിൽ 75 ഹോട്ട് ഡോഗ് തിന്നാണു റിക്കാർഡ് സ്ഥാപിച്ചത്.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതു 14-ാം തവണയാണ് ജോയ് ചെസ്റ്റ്നട്ട് ജേതാവാകുന്നത്.രണ്ടാം സ്ഥാനത്തെത്തിയ ജഫ്രി ഇസ്വറിന് 50 ഹോട്ട് ഡോഗാണ് 10 മിനിട്ടു കൊണ്ട് അകത്താക്കാൻ കഴിഞ്ഞത്.1916 -ജൂലൈ നാലിനാണു പ്രഥമ നാഥൻസ് ഹോട്ട് ഡോഗ് തീറ്റ മത്സരം ആരംഭിച്ചത്.

2001 മുതൽ തുടർച്ചയായി ആറുവർഷം മത്സര വിജയിയായിരുന്ന ടക്കേറു കൊമ്പയാഷിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ജോയ് ചെസ്റ്റ്നട്ട് വിജയിയായത്. അന്നത്തെ മത്സരത്തിൽ 66 ഹോട്ട് ഡോഗ് ജോയ് അകത്താക്കിയപ്പോൾ നിലവിലുള്ള ജേതാവ് ടക്കേറുവിന് 63 എണ്ണം മാത്രമേ കഴിക്കാനായുള്ളൂ. സ്ത്രീകളുടെ മത്സരത്തിൽ മുപ്പതേ മുക്കാൽ (30 3/4) ഹോട്ട് ഡോഗ് മിഷേൽ ലെസ്‌കൊ അകത്താക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സാറാ റോഡ്രിഗസ് (27 3/4) മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞത്.