- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 കോടിയുടെ മരുന്ന് സൗജന്യമായി സ്വീകരിച്ച ആ കുരുന്ന് ഇവിടെയുണ്ട്; മരുന്നു നൽകി നാലുമാസം പിന്നിടുമ്പോൾ നവനീത് പിച്ചവെച്ചു തുടങ്ങി: അഞ്ചു മിനിറ്റോളം കഴുത്ത് നേരെ പിടിക്കാനും തുടങ്ങിയതിന്റെ ആശ്വാസത്തിൽ മാതാപിതാക്കളും
തിരുവനന്തപുരം: മുഹമ്മദ് എന്ന കുരുന്നിന് വേണ്ടി 18 കോടിയുടെ ജീവൻ രക്ഷാ മരുന്നിനായി സഹോദരിയുടെ മനമുരുകിയുള്ള അഭ്യർത്ഥനകേട്ട് മലയാളി സമൂഹം ഏഴുദിവസം കൊണ്ടാണ മുഹമ്മദിന് മരുന്നുവാങ്ങാൻ 18 കോടി സമാഹരിച്ചുനൽകിയത്. മുൻഗാമിയായി ഇതേ മരുന്ന് സ്വീകരിച്ച ഒരു രണ്ടുവയസ്സുകാരൻ തലസ്ഥാനനഗരിയിലുണ്ട്. മരുന്ന് സ്വീകരിച്ചതിന് പിന്നാലെ നവനീത് പിച്ചവെച്ചു തുടങ്ങി. ഇതോടെ മുഹമ്മദിന് ഇനി ആശ്വസിക്കാം.
പരുത്തിപ്പാറ കെ.എസ്.ഇ.ബി. സബ്സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനിയർ കരുനാഗപ്പള്ളി സ്വദേശി സന്തോഷിന്റെയും വി എസ്.എസ്.സി. ജീവനക്കാരി അനുശ്രീയുടെയും മകനാണ് നവനീത്. അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്ക് നൽകുന്ന സോൾഗെൻസ്മ (ഒനാസെമ്നോജിൻ) എന്ന മരുന്ന് നാലുമാസം മുമ്പാണ് നവനീതിന് കുത്തിവെച്ചത്.
മരുന്നു നൽകി നാലുമാസം പിന്നിടുമ്പോൾ നവനീത് പിച്ചവെക്കുന്നുണ്ട്. വലിയ മാറ്റങ്ങൾ വന്നില്ലെങ്കിലും അഞ്ചു മിനിറ്റോളം കഴുത്ത് നേരെ പിടിക്കാനും വാക്കറിന്റെ സഹായത്തോടെ ചെറുതായി പിച്ചവെക്കാനും ശ്രമം തുടങ്ങി. ജീവൻ രക്ഷാമരുന്ന് മാത്രമാണ് സോൾഗെൻസ്മ എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും മാറ്റങ്ങളുടെ തുടക്കം രണ്ടു വയസ്സുകാരനിൽ പ്രകടമാണ്.
ഈ വിലകൂടിയ വാക്‌സിൻ നവനീതിന് സൗജന്യമായാണ് ലഭിച്ചത്. വിലകൂടിയ മരുന്ന് എങ്ങനെ കുറഞ്ഞ വിലയ്ക്ക് ലഭിക്കാമെന്ന അന്വേഷണത്തിന് ഒടുവിലാണ് അവെക്സിസിന്റെ ഗ്ലോബൽ മാനേജ്ഡ് അക്സസ് പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി മരുന്ന് ലഭിക്കുമെന്ന് അറിഞ്ഞത്. 2020 ഓക്ടോബറിൽ യു.കെ. ആസ്ഥാനമായ ഡർബിൻ മരുന്ന് ഉത്പാദക കമ്പനിക്ക് ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചു. പല പരിശോധനകളും നടത്തിയ ശേഷമാണ് അപേക്ഷ നൽകുന്നതിന് നവനീത് യോഗ്യത നേടിയത്. ഈ വർഷം ജനുവരിയിലാണ് സൗജന്യ മരുന്നിന് നവനീത് അർഹനായെന്ന അറിയിപ്പ് ലഭിച്ചത്. കിംസ് ആശുപത്രിയിൽ വെച്ച് ഫെബ്രുവരി 26-ന് മരുന്ന് നൽകി.
കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയിരുന്നു. എല്ലാ മാസവും നവനീതിന് തുടർ പരിശോധന നടത്തുന്നുണ്ട്. കിംസ് ആശുപത്രിയിലെ ഡോ. ഡി. കല്പനയാണ് ആദ്യഘട്ട ചികിത്സ നൽകിയത്. നിലവിൽ ഫിസിയോ തെറാപ്പി കൂടാതെ എസ്.എ.ടി. ആശുപത്രിയിലെ ഡോ. ശങ്കർ, ഡോ. ഷഹനാസ് അഹമദ് എന്നിവരുടെയും ചികിത്സയും തുടരുകയാണ്.