തോപ്പുംപടി: മനസ്സു വച്ചാൽ ആരും പട്ടിണി കിടക്കില്ല. എല്ലാവർക്കും പണി കിട്ടുമെന്നാണ് ഇടക്കൊച്ചി സ്വദേശി ആന്റണിയുടെ പക്ഷം. പക്ഷെ പണിയെടുക്കാൻ ഒരു മനസ്സു വേണം. 35 വർഷമായി ഫോർട്ട്കൊച്ചി ടൂറിസം മേഖലയിലെ ടാക്‌സി ഡ്രൈവറായിരുന്നു ആന്റണി. കോവിഡ് കാലമായതോടെ ഉണ്ടായിരുന്ന പണി പോയി. ആന്റണി പക്ഷേ, വെറുതെയിരുന്നില്ല. വളയം വിട്ട് തെങ്ങുകയറ്റം തൊഴിലാക്കിയിരിക്കുകയാണ് ആന്റണി.

താമസസ്ഥലത്ത് ഏതാനും തെങ്ങുണ്ടായിരുന്നു. അതിലൊരെണ്ണത്തിൽ വെറുതെ കയറി നോക്കി. ധൈര്യമുണ്ടെങ്കിൽ അതൊരു തൊഴിലാക്കി മാറ്റാമെന്ന് മനസ്സ് പറഞ്ഞു. അങ്ങിനെയാണ് ആന്റണി തെങ്ങു കയറ്റം ഉപജീവനമാക്കി മാറ്റിയത്. തെങ്ങ് കയറാൻ ആളെ കിട്ടാതെ വിഷമിക്കുന്ന പല സുഹൃത്തുക്കളുമുണ്ടായിരുന്നു. അവരുടെ വീടുകളിലെല്ലാം ചെന്ന് തെങ്ങ് കയറി. കൂലിക്ക് കണക്ക് പറഞ്ഞില്ല. പക്ഷേ, അതൊരു വരുമാന മാർഗമായി. പണം കിട്ടിയാൽ മാത്രം പോരാ, മനസ്സിന് ഒരു സംതൃപ്തി വേണം. അത് കിട്ടുന്നുണ്ടെന്ന് ആന്റണി പറയുന്നു.

ഇവിടെ കൃഷിപ്പണിക്കും കൂലിപ്പണിക്കുമൊക്കെ ധാരാളം ആളുകളെ ആവശ്യമുണ്ട്. പക്ഷേ, ചെയ്യാനാളില്ല. അതാണ് പ്രശ്‌നം-ആന്റണി പറയുന്നു. ചെറുപ്പത്തിൽ നാവികസേനയിലെ ഒരു കമാൻഡറിന്റെ വീട്ടിൽ തോട്ടപ്പണിക്കാരനായി. അവിടെ നിന്നാണ് അച്ചടക്കം പഠിച്ചത്. ഒപ്പം ഡ്രൈവിങ്ങും പഠിച്ചു. പിന്നെ ടാക്‌സി ഡ്രൈവറായി. രാജ്യം മുഴുവൻ സഞ്ചരിച്ചു. ടൂറിസ്റ്റ് കാറായതിനാൽ രാജ്യത്തെ ഏതാണ്ട് എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പോയി. അഞ്ച് വിദേശ രാജ്യങ്ങളും സന്ദർശിച്ചു.

ഭാര്യ സർക്കാർ സ്‌കൂൾ അദ്ധ്യാപികയാണ്. മൂന്ന് പെൺമക്കളാണ് ആന്റണിക്ക്. ഒന്നുമില്ലായ്മയിൽനിന്ന് ജീവിതം തുടങ്ങി. ഇപ്പോൾ പ്രായം 59. പക്ഷേ, അധ്വാനിച്ച് ജീവിക്കണമെന്ന പക്ഷത്താണ് ആന്റണി. വളരെ കരുതലോടെ കൊണ്ടുനടക്കുന്ന പഴയ അംബാസഡറുണ്ട് ആന്റണിക്ക്. അതുമായി ലണ്ടനിലേക്ക് ഒരു യാത്ര നടത്തണം. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മോഹം.