പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബ്രിട്ടനിലെ പ്രതിദിന രോഗബാധിതരുടേ എണ്ണം 30,000 കവിഞ്ഞു. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഇത് 30,000 കടക്കുന്നത്. മരണനിരക്ക് ഒരാഴ്‌ച്ചയിൽ വർദ്ധിച്ചത് ഇരട്ടിയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രിട്ടനിൽ 32,548 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ആരോഗ്യവകുപ്പിലെ കണക്കുകൾ പറയുന്നത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്‌ച്ച 14 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഒരാഴ്‌ച്ച കൊണ്ട് അത് ഇരട്ടിയിലധികമായി വർദ്ധിച്ച് ഇന്നലെ 33 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുപോലെ കോവിഡ് ബാധിച്ച് ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കുകൾ അനുസരിച്ച് ജൂലായ് 3 ന് 386 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 45 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

എന്നാൽ, സമാനമായ തോതിൽ രോഗവ്യാപനം ഉണ്ടായ ജനുവരിയിൽ ചികിത്സതേടി എത്തിയ രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തുലോം കുറവാണ്. അന്ന് ഇതിന്റെ പത്തിരട്ടി രോഗികളായിരുന്നു ആശുപത്രികളിൽ എത്തിയിരുന്നത്. വാക്സിൻ ഫലപ്രദമാകുന്നു എന്നതിന്റെ സൂചനതന്നെയാണിത്. നിലവിൽ, ഓരോ ഒമ്പതു ദിവസം കൂടുമ്പോഴാണ് രോഗവ്യാപന തോത് ഇരട്ടിയാകുന്നത്. ഓഗസ്റ്റ് ആകുമ്പോഴേക്കും പ്രതിദിന രോഗബാധിതരുടെ എണ്ണം 1 ലക്ഷം കടക്കും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

അതേസമയം, രോഗവ്യാപനത്തെ കാര്യക്ഷമമായി നേരിടാൻ വാക്സിൻ പദ്ധതിയും വേഗത്തിൽ പോകുന്നുണ്ട്. ഇന്നലെ 86,000 ആദ്യ ഡോസുകളും 1,53,000 രണ്ടാം ഡോസുകളും നൽകി. കഴിഞ്ഞ കോവിഡ് തരംഗത്തിന്റെ സമയത്ത് 100 ൽ ഒരാൾ വീതം മരണമടഞ്ഞിരുന്നപ്പോൾ ഇന്ന് അത് 1000 ൽ ഒരാളായി കുറഞ്ഞിട്ടുണ്ട്. വാക്സിൻ പ്രഭാവത്തിന് മറ്റൊരു ഉദാഹരണമായി വിദഗ്ദർ ഇത് ചൂണ്ടിക്കാണിക്കുന്നു.

ഓഗസ്റ്റ് മാസത്തിൽ രോഗവ്യാപനംശക്തിപ്രാപിക്കുമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശകസമിതിയും പറയുന്നത്. പിന്നീട് അത് കുറഞ്ഞുവരും. ഏറെപ്പേർക്ക് രോഗം ബാധിക്കുക വഴിയുംവാക്സിന്റെ ഫലമായും അപ്പോഴേക്കും സമൂഹ പ്രതിരോധം (ഹേർഡ് ഇമ്മ്യുണീറ്റി) കൈവരിക്കും എന്നതിനാലാണിത്. അതേസമയം, യൂറോ കപ്പ് സെമിഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയം ആഘോഷമാക്കിയ ആരാധകർ, രോഗവ്യാപനത്തിന്റെ ശക്തി പ്രതീക്ഷിച്ചതിലും നേരത്തേ കൂട്ടുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ജൂലായ് 19 ന് മുൻപ് തന്നെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1 ലക്ഷം കടന്നേക്കുന്ന ആശങ്ക വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. കൊറോണ വൈറസിനൊപ്പം ജീവിക്കുക മാത്രമാണ് ഇനിയുള്ള വഴിയെന്ന തിരിച്ചറിവാണ് ബ്രിട്ടനെ ഇത്തരമൊരു ഉറച്ച തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.