കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്തുകൊച്ചി ഇൻഫോപാർക്കിന് നേട്ടം. ഇവിടെ പ്രവർത്തിക്കുന്ന ഐടി കമ്പനികളിൽ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇത് 5200 കോടി രൂപയായിരുന്നു. കഴിഞ്ഞ ഡിസംബർ വരെ ലഭ്യമായ കണക്കുകൾ പ്രകാരം 1,110 കോടി രൂപയാണ് വർധന. 415 കമ്പനികളാണ് ഇൻഫോപാർക്കിലെ വിവിധ കാമ്പസുകളിലായി പ്രവർത്തിക്കുന്നത്. കോവിഡ് കാലത്തു മാത്രം 40ലേറെ കമ്പനികളാണ് ഇൻഫോപാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തത്. പുതിയ ഇടം തേടി പല കമ്പനികളും കാത്തുനിൽക്കുന്നുമുണ്ട്. 18 കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തെങ്കിലും ഇതിലേറെ കമ്പനികൾ ഈ മഹാമാരിക്കാലത്തും പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അടിസ്ഥാന സൗകര്യ വികസനവും ഇൻഫോപാർക്കിൽ അതിവേഗം നടന്നുവരുന്നു. ഈ വർഷം അവസാനത്തോടെ ആറ് ലക്ഷത്തിലേറെ ചതുരശ്ര അടി കൂടി പുതിയ കമ്പനികൾക്കായി ഒരുങ്ങുന്നുണ്ട്.

'ഒരു വെല്ലുവിളിയായി വന്ന കോവിഡ് സാങ്കേതിക വിദ്യാ രംഗത്ത് പുതിയ അവസരങ്ങളാണ് തുറന്നുനൽകിയത്. ഐടി രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ ഐടി ജീവനക്കാർ കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. വർക്ക് ഫ്രം ഹോം രീതിയിലും അല്ലാതേയും മലയാളികളായ നിരവധി പേർ ഈ പുതിയ സാഹചര്യത്തിൽ കേരളത്തെ ഒരു സുരക്ഷിത ഇടമായി കാണുകയും ഇവിടെ തന്നെ ജോലി ചെയ്യാനും താൽപര്യപ്പെടുന്നു. ഇവർക്കു വേണ്ടി കേരളത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്താൻ തയാറായി ബെംഗളുരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ബഹുരാഷ്ട്ര ഐടി കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നു. ഇത് ഇൻഫോപാർക്ക് ഉൾപ്പെടെ കേരളത്തിലുടനീളമുള്ള ഐടി പാർക്കുകൾക്ക് പുത്തനുണർവേകുന്നതാണ്,' ഇൻഫോപാർക്ക് സിഇഒ ജോൺ എം. തോമസ് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു. വിവിധ കമ്പനികളുടെ നേതൃത്വത്തിലും വാക്സിനേഷൻ നടന്നു. ഇതോടെ ഇപ്പോൾ ഇൻഫോപാർക്കിലെത്തുന്ന ഏതാണ്ട് എല്ലാ ജീവനക്കാർക്കും ഒന്നാം ഘട്ട വാക്സിൻ ലഭിച്ചു. ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരിൽ ഏറിയ പങ്കിനേയും താൽക്കാലികമായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിമിത എണ്ണം ജീവനക്കാർ മാത്രമാണ് ഇപ്പോൾ കാമ്പസിലെത്തുന്നത്