തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാർക്ക് സ്വകാര്യമായി മുലയൂട്ടാൻ പറ്റുന്ന സൗകര്യമൊരുക്കും. ആശുപത്രികളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാൽ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, കുപ്പിപ്പാൽ കൊടുക്കാതിരിക്കുക, അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും ഈ കാര്യങ്ങൾ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മാതൃശിശു സൗഹൃദ ആശുപത്രിക്കായി ലക്ഷ്യം വയ്ക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കാൻ മുൻകൈയെടുക്കുന്ന ആശുപത്രികൾ 2002-ൽ 92 ശതമാനമായിരുന്നത് കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം 55 ശതമാനത്തിൽ താഴെ മാത്രമാണ്. മറ്റ് പല ആരോഗ്യ സൂചികകളിലും കേരളം ഒന്നാം സ്ഥാനത്തു നിൽക്കുമ്പോഴാണ് ഈ കാര്യത്തിൽ പുറകോട്ട് പോയതായി കാണാൻ കഴിഞ്ഞത്. ഇതിന് പരിഹാരം കാണാനാണ് ആരോഗ്യ വകുപ്പും വനിത ശിശുവികന വകുപ്പും ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പ്രസവങ്ങളിൽ നല്ലൊരു ശതമാനം സ്വകാര്യ ആശുപത്രികളിൽ നടക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളെക്കൂടി ഇതിൽ പങ്കാളികളാക്കും. ആദിവാസി മേഖലയിൽ മുലപ്പാലിന്റെ പ്രാധാന്യം മനസിലാക്കിക്കാൻ ആശാവർക്കർമാരുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്തും. കുഞ്ഞുങ്ങളുടെ ആദ്യത്തെ 1000 ദിനം ഏറെ പ്രാധാന്യമാണ്. കുട്ടികളുടെ ആരോഗ്യ പൂർണമായ വളർച്ചയിലും മരണ നിരക്ക് കുറയ്ക്കുന്നതിനും മുലയൂട്ടലിന് വളരെ പ്രധാന്യമുണ്ട്. ഗൈനക്കോളജിസ്റ്റുകളുടെ സഹകരണം കൂടി ഉറപ്പ് വരുത്തുന്നതാണ്.

മുലയൂട്ടുന്ന അമ്മമാർക്ക് നേരിട്ട് സന്ദേശം എത്തിക്കുന്നതിന് വേണ്ടി വനിത ശിശു വികസന വകുപ്പ് അങ്കണവാടി ജിവനക്കാരെ പൂർണമായി പ്രയോജനപ്പെടുത്തുന്നതാണ്. അതിനുള്ള മൊഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതിയുടേയും ഐ.സി.ഡി.എസ്.ന്റേയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കും. പൊതുസ്ഥലങ്ങളിൽ കൂടുതൽ ബ്രസ്റ്റ് ഫീഡിങ് ക്യാബിനുകൾ വകുപ്പ് സ്ഥാപിക്കുന്നതാണ്.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ശ്രീഹരി, അഡീഷണൽ ഡയറക്ടർ ഡോ. പ്രീത, ഡോ. പൈലി, ശിശുരോഗ വിദഗ്ധരായ ഡോ. അജിത് കൃഷ്ണൻ, ഡോ. റിയാസ് എന്നിവർ പങ്കെടുത്തു.