മസ്‌കത്ത്: ഒമാനിലേക്കുള്ള യാത്രവിലക്ക് നീങ്ങുന്നതിനായുള്ള മലയാളികളടക്കം പ്രവാസികളുടെ കാത്തിരിപ്പ് നീളും. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് അടക്കം രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സുപ്രീം കമ്മിറ്റി നീട്ടി.

സുഡാൻ, ബ്രസീൽ, നൈജീരിയ, താൻസനിയ, സിയാറലിയോൺ, ഇത്യേപ്യ, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈജിപ്തിനെ ഒഴിവാക്കിയതിന് ഒപ്പം സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, തുനീഷ്യ, ലിബിയ, അർജന്റീന, ബ്രൂണെ ദാറുസ്സലാം എന്നിവയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ ഒമ്പത് മുതലാണ് സിംഗപ്പൂർ അടക്കം എട്ട് പുതിയ രാജ്യങ്ങളിൽനിന്നുള്ള യാത്രവിലക്ക് പ്രാബല്യത്തിൽ വരുക

കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രവിലക്ക് നിലവിൽവന്നത്.കോവിഡ് വകഭേദങ്ങളുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ യാത്രവിലക്ക് ഇനിയും നീളുമെന്നുതന്നെയാണ് ആരോഗ്യമേഖലയിലുള്ളവർ വിലയിരുത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ വിഷയത്തിൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽനിന്ന് മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറന്റീൻ ഇരുന്നശേഷം ഒമാനിലേക്ക് വരാൻ കഴിയും.