- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടനിൽ രണ്ടു വാക്സിനും എടുത്തവർക്ക് ഗ്രീൻ/ ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നു മടങ്ങിയാൽ ക്വാറന്റൈനില്ല; വിദേശത്തു നിന്നാണ് വാക്സിൻ എങ്കിൽ ഇളവ് ബാധകമല്ല; പുതിയ ഇളവ് പ്രഖ്യാപിച്ചതോടെ ബ്രിട്ടൻ സമ്പൂർണ്ണ സ്വാതന്ത്യത്തിലേക്ക്
വാക്സിൻ രണ്ടു ഡോസുകളും എടുത്തവർക്ക് ഗ്രീൻ/ ആംബർ ലിസ്റ്റിലെ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിയെത്തുമ്പോൾ ബ്രിട്ടനിൽ ക്വാറന്റൈന് വിധേയരാകേണ്ടതില്ല. ജൂലായ് 19 ന് നിലവിൽ വരുന്ന മറ്റ് ഇളവുകൾക്കൊപ്പം ഈ പുതിയ നിയമവും നിലവിൽ വരും. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് ഇന്നലെ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. അതേസമയം, ഇളവുകൾ പ്രബല്യത്തിൽ എത്തുന്നതോടെ വിമാനത്താവളങ്ങളിലേയും മറ്റും പരിശോധനകൾ കർക്കശമാക്കും. ഇതിനാൽ, ആറുമണിക്കൂർ വരെ പലപ്പോഴും കാത്തിരിക്കേണ്ടതായി വന്നേക്കാം എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
ഇതോടെ ഈ വർഷം വേനലവധിക്ക് യൂറോപ്പിലെ പല വിനോദകേന്ദ്രങ്ങളിലേക്കും ഒഴിവുകാലയാത്ര നടത്താൻ കഴിയും എന്ന് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല, ആംബർ ലിസ്റ്റിലുള്ള 147 ഇടങ്ങൾ, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ഫലത്തിൽ ഗ്രീൻ ലിസ്റ്റിലേക്ക് മാറിയിരിക്കുന്നു. നിലവിൽ ആംബർ ലിസ്റ്റിൽ ഉള്ള രാജങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം.
ട്രാവൽ - ടൂറിസംമേഖലയ്ക്കും, ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവായും വളരെയേറെ കൈത്താങ്ങ് നൽകുന്ന ഒരു തീരുമാനം എന്നാണ് ടൂറിസം മേഖലയിലെ പ്രമുഖരും എം പിമാരും ഇതിനെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, രോഗപരിശോധനയുടെ ചെലവ് പല കുടുംബങ്ങളേയും വിദേശയാത്രയിൽ നിന്നും തടയുന്നു എന്നും അവർ ഓർമ്മിപ്പിച്ചു. രോഗപരിശോധനയുടെ ചെലവ് കുറയ്ക്കണമെന്നും അവർ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ഇളവുകൾ നിലവിൽ വരുന്നതോടെ വിദേശത്തുനിന്നും യാത്രക്കാർ എത്തുന്ന വിമാനത്താവളം, തുറമുഖങ്ങൾ, മറ്റ് അതിർത്തികളിലെ പോയിന്റുകൾ എന്നിവിടങ്ങളീൽ അധിക പരിശോധനകൾ ഉണ്ടാകും. ഇതോടെ ഇവിടങ്ങളിൽ ഇനി മുതൽ നീണ്ട് ക്യു പ്രത്യക്ഷമാകും എന്നതുറപ്പായി. അതേസമയം ചില വൈറ്റ്ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത് അതിർത്തി സൈന്യം ഇത്തരത്തിലുള്ള മാറ്റങ്ങൾ ഏറ്റെടുക്കാനുള്ള ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല എന്നാണ്. പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യുവാൻ തന്നെ ഇനിയും ഒരു മാസമെങ്കിലും എടുക്കും എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ക്വാറന്റൈൻ ഒഴിവാക്കിയെങ്കിലും, വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തുന്നവർ രോഗപരിശോധന നടത്തേണ്ടതുണ്ട്. ചെലവേറിയ ഗോൾഡ് സ്റ്റാൻഡേർഡ് പി സി ആർ സ്വാബ് ടെസ്റ്റുകൾ നിർബന്ധമാക്കാതെ കുറേക്കൂടി ചെലവ് കുറഞ്ഞ റാപിഡ് ടെസ്റ്റുകൾ ഇതിനായി നടത്താൻ യാത്രക്കാരെ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ ഇതിനോട് അനുകൂലമായ നിലപാടല്ല സർക്കാരിന്റെത്. ഏത് ഇനം വൈറസാണ് ബാധിച്ചത് എന്നതുകൂടി അറിയേണ്ടുന്നതിനാൽ പി സി ആർ പരിശോധന തന്നെ നടത്തണം എന്ന നിലപാടിലാണ് സർക്കാർ.
ഈ ഇളവുകൾ ബാധകമാവുക വിദേശരാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും, ബ്രിട്ടനിൽ സ്ഥിരതാമസം ആക്കിയവർക്കും മാത്രമാണ്. ആംബർലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ സന്ദർശിക്കാൻ എത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ഇത് അഭ്യന്തര ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ വേനലവധിക്കും ഇക്കൂട്ടർക്ക് കാര്യമായി ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ബ്രിട്ടനിൽ വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക എന്നതും ഓർക്കണം. നിങ്ങൾ യു കെ റെസിഡന്റ് ആണെങ്കിൽ പോലും മറ്റൊരു രാജ്യത്തുനിന്നാണ് വാക്സിൻ എടുത്തിട്ടുള്ളത് എങ്കിൽ ഈ ഇളവ് ലഭിക്കില്ല. മാത്രമല്ല, രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.