ണ്ടാഴ്‌ച്ചക്കുള്ളിൽ, പ്രതിദിനം 1 ലക്ഷം പുതിയ കോവിഡ് രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിലേക്ക് ബ്രിട്ടൻ കടന്നേക്കും എന്ന ആശങ്ക നിലനിൽക്കവേ കോവിഡ് വ്യാപനതോതിലെ വർദ്ധനവ് കുറഞ്ഞുവരുന്നതായുള്ള സൂചനകളും ലഭിക്കുന്നു. ഇന്നലെ 32,551 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയിലേതിനേക്കാൾ 16.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴു ദിവസത്തിൽ ഇന്നലെയായിരുന്നു രോഗവ്യാപന വർദ്ധനവിൽ കുറവുണ്ടായത്. തൊട്ടുമുൻപത്തെ ദിവസം 42.81 ശതമാനമായിരുന്നു വർദ്ധനവ്.

എന്നാൽ, ഞായറാഴ്‌ച്ചയിലെ യൂറോകപ്പ് ഫൈനലിന്റെ ഫലവും കോവിഡ് വ്യാപനത്തെ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഇംഗ്ലണ്ട് ജയിച്ചാൽ, അതിനെ തുടർന്നുണ്ടാകുന്ന ആഘോഷ പ്രകടനങ്ങൾ തീർച്ചയായും വ്യാപനത്തിന്റെ ആക്കം വർദ്ധിപ്പിക്കും. 55 വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ ടീം ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയതുതന്നെ ആഘോഷമാക്കിയ ഇംഗ്ലീഷ് ആരാധകർ ഫൈനലിൽ വിജയിച്ചാൽ ആടിത്തിമിർക്കും എന്നതിൽ സംശയമൊന്നുമില്ല.

രോഗവ്യാപനത്തോടൊപ്പം ആശങ്കയുണർത്തുന്ന ഒന്നാണ് ആശുപത്രികളിൽ ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും. കഴിഞ്ഞ ഞായറാഴ്‌ച്ച 456 രോഗികളാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കപ്പെട്ടത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 75.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ മരണനിരക്കിലും വർദ്ധനവ് പ്രകടമാകുന്നുണ്ട്. ഇന്നലെ 35 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്‌ച്ച ഇത് 22 ആയിരുന്നു.

കോവിഡ് വ്യാപന തോതിനൊപ്പം മരണനിരക്കും, ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ടെങ്കിലും, മൂന്നാം വരവ് മറ്റ് രണ്ട് വരവുകളോളം ഗുരുതരമാകാതിരിക്കാൻ വാക്സിൻ പദ്ധതി സഹായിക്കും എന്ന ആത്മവിശ്വാസത്തിലാണ് സർക്കാരും മന്ത്രിമാരു. അടുത്ത മാസത്തോടെ വ്യപനതോതിൽ കുറവുണ്ടാകുമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങളും വിശ്വസിക്കുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ കോവിഡ് സിംപ്ടം ട്രാക്കിങ് പഠനം നടത്തിയ പ്രൊഫസർ ടിം സ്പെക്ടറിന്റെ അഭിപ്രായത്തിൽ മൂന്നാം തരംഗം കെട്ടടങ്ങുന്നതിന്റെ സൂചനകൾ വന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ, ചെറുപ്പക്കാരിലാണ് 60 വയസ്സിനു മേൽ പ്രായമുള്ളവരേക്കാൾ രോഗവ്യാപനം എന്നത് വാക്സിൻ പ്രഭാവത്തെ അടിവരയിടുന്നു. ഈ കണക്കുകൾ വിരൽചൂണ്ടുന്നത് സർക്കാരിന്റെ ആത്മവിശ്വാസം ശരിയാണ് എന്നതിലേക്കാണ്. ജൂലായ് 19 ന് തന്നെ സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകും എന്ന് ഉറപ്പായിരിക്കുന്നു.

അതേസമയം, നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞാലും കുറേക്കാലത്തേക്ക് എൻ എച്ച് എസ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യരുതെന്ന് ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ സെൽഫ് ഐസൊലേഷനിൽ പോകേണ്ടത് ആവശ്യമല്ലതാകുന്ന നാൾ വിദൂരമല്ലെന്നും അതുവരെ ആപ്പ് പ്രവർത്തനക്ഷമമായി സൂക്ഷിക്കണമെന്നും അദ്ദേഹ ആവശ്യപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ അടുത്ത മാസം പകുതിയോടെ ക്വാറന്റൈൻ ആവശ്യമില്ലാതെ വരും.