ലോകാവസാനം ആണവായുധങ്ങളുടെ വിസ്ഫോടനത്തോടെയായിരിക്കുമെന്ന് അമേരിക്ക പറയുന്നു. റഷ്യയും ചൈനയും അവരുടെ ആണവായുധ ശേഖരങ്ങൾ വിപുലപ്പെടുത്തുകയും ആധുനിക വത്ക്കരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക ഈ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇരു രാജ്യങ്ങളും രഹസ്യമായി ആണവശക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു.

ഇതിനുപുറമേ, അമേരിക്കയുടെ ഉൾഭാഗങ്ങളിൽ വരെ എത്താൻ കഴിവുള്ള മിസൈലുകൾ വികസിപ്പിക്കുന്ന നടപടികൾ ഉത്തര കൊറിയ ത്വരിതപ്പെടുത്തുന്നു. ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ ആണവായുധം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇറാൻ നേടിയെടുത്തു എന്നും അമേരിക്ക വിലയിരുത്തുന്നു. 2010 മുതൽ തന്നെ ആണവായുധ ശേഖരണം കുറയ്ക്കുന്നതിനുള്ള നടപടികൾ അമേരിക്ക സ്വീകരിച്ചുവരികയാണെങ്കിലും എതിരാളികളായ രാജ്യങ്ങൾ ഒന്നുപോലുമത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

ആയുധ ശേഖരം കുറയ്ക്കുന്നതിനു പകരമായി, അത് കൂട്ടാനാണ് റഷ്യയും ചൈനയും ശ്രമിച്ചത്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ നാലുരാജ്യങ്ങൾ ഒത്തുചേരുന്നത് വൻ ഭീഷണിയാണെന്നും വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രാദേശികമായ യുദ്ധങ്ങൾ ഉണ്ടാവുകയും അവയിൽ ആണവായുധങ്ങൾ ഉപയോഗിക്കപ്പെടുകയും ചെയ്തേക്കാം.

സാങ്കേതിക മികവിലും ആയുധങ്ങളുടെ എണ്ണത്തിലും അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് റഷ്യയും ചൈനയുമാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. അമേരിക്കയ്ക്കും റഷ്യയ്ക്കും മദ്ധ്യേ ഉണ്ടായിരുന്ന 1987-ലെ ഇന്റർമീഡിയറ്റ് റേഞ്ച് ന്യുക്ലിയർ ഫോഴ്സസ് ട്രീറ്റിയിൽ നിന്നും ഇരു രാജ്യങ്ങളും 2019-ൽ പിൻവാങ്ങിയിരുന്നു. തങ്ങളുടെ താത്പര്യങ്ങൾക്ക് പ്രതിബന്ധമായി റഷ്യ കാണുന്ന അമേരിക്കയ്ക്കും നാറ്റോ സഖ്യത്തിനും എതിരെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടാൻ തുനിഞ്ഞുതന്നെയാണ് റഷ്യയുടെ പുറപ്പാട്.

റഷ്യയ്ക്കൊപ്പം ചൈനയും ആണവായുധങ്ങൾ ആധുനിക വത്ക്കരിക്കുകയും അതോടൊപ്പം അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ സബ്മറൈൻ ലോഞ്ച്ഡ് മിസൈലുകൾ വരെ ഇപ്പോൾ ചൈനയ്ക്ക് സ്വന്തമായുണ്ട്. അതിനു പുറമേയാണ് കരയിൽ നിന്നും, കടലിൽ നിന്നും, ആകാശത്തുനിന്നും ഒരുപോലെ മിസൈൽ വർഷിക്കാൻ കെൽപുള്ള ഒരു പുതിയ ബോംബർ ചൈന വികസിപ്പിക്കുന്നത്. ഈ രണ്ട് രാജ്യങ്ങൾക്കൊപ്പംഉത്തരകൊറിയയും ഇറാനും ആണവായുധങ്ങൾ വികസിപ്പിക്കുകയാണ്. ഇറാൻ ഇതിനോടകം തന്നെ ഇതിനുള്ള സാങ്കേതിക വിദ്യ കരസ്ഥമാക്കി കഴിഞ്ഞു എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.