- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴനിയിൽ തീർത്ഥാടനത്തിനു പോയ മലയാളി വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരുക്കേൽപ്പിച്ചും അജ്ഞാത സംഘം; തടയാൻ ശ്രമിച്ച ഭർത്താവിന് ക്രൂരമർദ്ദനം: എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതെ അവശ നിലയിലായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: പഴനിയിൽ 'നിർഭയാ മോഡൽ' പീഡനത്തിനിരയായി മലയാളി വീട്ടമ്മ. ഭർത്താവുമൊത്ത് പഴനിയിൽ തീർത്ഥാടനത്തിനു പോയ നാൽപതുകാരിയാണ് പീഡനത്തിനിരയായത്. ഭക്ഷണം വാങ്ങാനായി ഹോട്ടലിലേക്ക് പോയ ഭർത്താവിനെ കാത്തു നിൽക്കവെ ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരുക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിനു മർദനമേറ്റു.
ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോൾ, അവശ നിലയിലായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ ഇവർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജൂൺ 19ന് ആണ് സംഭവം നടന്നത്. പാലക്കാടു നിന്നും ട്രെയിനിൽ പഴനിയിലെത്തിയതായിരുന്നു ഇരുവരും. ഭർത്താവിന്റെ കൺമുന്നിൽ നിന്നുമാണ് സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്.
പഴനിയിലെത്തിയ ശേഷം സന്ധ്യയോടെ സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ചു ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച് ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു. പഴനി പൊലീസിൽ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ല.
പാലക്കാടുനിന്നാണ് ഇരുവരും ട്രെയിനിൽ പഴനിയിലേക്കു പോയത്. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. തൊട്ടടുത്ത ലോഡ്ജിലേക്കാണ് സ്ത്രീയെ പിടിച്ചുകൊണ്ടുപോയത്. പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്നു ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്കു മടങ്ങി. പേടി കാരണം പുറത്തുപറയാതെ വീട്ടിൽ കഴിയുകയായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ മൊഴിയെടുത്തിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ