- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇബ്രാഹിം വിചാരണത്തടവുകാരനായിട്ട് ആറു വർഷം; നീതി തേടി ബന്ധുക്കൾ
മേപ്പാടി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി 6 വർഷമായി വിചാരണത്തടവുകാരനായി തുടരുന്ന മേപ്പാടി മുക്കിൽപ്പീടിക സ്വദേശി എൻ.കെ.ഇബ്രാഹി (67) മിന് നീതി തേടി ബന്ധുക്കൾ. വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായ ഇബ്രാഹിം കടുത്ത പ്രമേഹരോഗിയാണെന്നും 2 തവണ ഹൃദ്രോഗമുണ്ടായതായും ബന്ധുക്കൾ പറയുന്നു. സ്റ്റാൻ സ്വാമിയുടെ അവസ്ഥ തന്നെയാണ് വിയ്യൂർ ജയിലിൽ ഇബ്രാഹിമിനും നേരിടുന്നത്. പ്രമേഹത്തിനു കൃത്യമായ ചികിത്സ കൊടുക്കുന്നില്ല. പല്ലുകൾ പൂർണമായും എടുത്തു മാറ്റേണ്ടിവന്നു.
2014 ഏപ്രിൽ 24ന് മാവോയിസ്റ്റ് രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവർ വെള്ളമുണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി തോക്കുചൂണ്ടിയ സംഭവത്തിൽ പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തി എന്ന കേസിലാണ് ഇബ്രാഹിമിനെ 2015 ജൂലായ് 13ന് അറസ്റ്റ് ചെയ്തത്. തോക്കൂചൂണ്ടിയവർക്കൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും ഗൂഢാലോചനയിൽ പങ്കാളിയായി എന്നതാണ് എട്ടാം പ്രതിയായ ഇബ്രാഹിമിനെതിരെയുള്ള കുറ്റം.
ഇബ്രാഹിമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ കെ. ജമീല മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. ദീർഘകാലമായി വിചാരണയിൽ കഴിയുന്ന യുഎപിഎ പ്രതികൾക്കു ജാമ്യത്തിന് അവകാശമുണ്ടെന്ന കോടതിവിധികളും പരിഗണിക്കപ്പെടുന്നില്ലെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. റഷീദ് പറയുന്നു.