ജിദ്ദ: വെള്ളിയാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി ദൃശ്യമായതായി റിപ്പോർട്ടുകൾ ലഭിക്കാത്തതിനെ തുടർന്ന് ഹജ്ജ് മാസാരംഭം ഞയാറാഴ്‌ച്ചയാണെന്ന് സൗദിയിലെ സുപ്രീം ജുഡീഷ്യറി പ്രഖ്യാപിച്ചു. ഇത് പ്രകാരം ഈ മാസം പത്തൊമ്പത് തിങ്കളാഴ്ചയായിരിക്കും ഈ വർഷത്തെ വിശുദ്ധ ഹജ്ജിലെ സുപ്രധാന കർമമായ അറഫാ ദിനാചരണം; ഇരുപത് ചൊവ്വാഴ്ച ബലിപ്പെരുന്നാൾ ഒന്നും.

ദുൽഖഅദ് ഇരുപത്തി ഒമ്പത് ആയ വെള്ളിയാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി കണ്ടില്ലെന്നതിനാൽ ശനിയാഴ്ച മാസം മുപ്പത് ആയി നിര്ണയിക്കുകയായിരുന്നു. ഹജ്ജിന്റെ തിരുകർമ്മങ്ങൾ ദുൽഹജ്ജ് മാസം എട്ട്, ജൂലൈ പതിനെട്ട് ശനിയാഴ്ചയാണ് ആരംഭിക്കുക. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർ അന്ന് മിനായിൽ ഒത്തുചേരും. അന്നവിടെ കഴിയുന്ന ഹാജിമാർ പിറ്റേന്ന് ദുൽഹജ്ജ് ഒമ്പത്, ജൂലൈ പത്തൊമ്പത് ഞായറാഴ്ച സൂര്യോദയത്തോടെ അറഫാ പ്രതലത്തിലേക്ക് ഒഴുകും.

മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും വിദേശങ്ങളിൽ നിന്ന് തീർത്ഥാടകർ ഹജ്ജിന് എത്തില്ല. സൗദിക്ക് അകത്തുള്ള സ്വദേശികളും പ്രവാസികളുമായിട്ടുള്ളവർക്ക് മാത്രമായിരിക്കും കണിശമായ പ്രോട്ടോകാൾ പാലിച്ചു കൊണ്ടുള്ള ഹജ്ജ് അനുമതി. മക്ക കേന്ദ്രീകരിച്ചു കൊണ്ട് ഇതിനുള്ള നടപടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.