കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും കർഫ്യൂവും ലോക്ഡൗണും തൽക്കാലമില്ലെന്ന് അധികൃതർ അറിയിച്ചു. കാവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നതുകൊണ്ട് തന്നെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ കൈക്കൊള്ളും.

അനിവാര്യ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോവുകയും മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്.കർഫ്യൂവും ലോക്ഡൗണും പ്രഖ്യാപിച്ചിരുന്ന സമയത്തേക്കാൾ കൂടിയ നിലയിലാണ് ചികിത്സയിലുള്ളവരുടെ എണ്ണവും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണവും. വാക്‌സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിനാൽ അടുത്ത മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് മന്ത്രാലയം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി, അഹ്‌മദി ഗവർണറേറ്റുകളിലാണ് കോവിഡ് കേസുകൾ കൂടുതൽ.