ന്യൂയോർക്ക്: ബഹിരാകാശത്തേക്കുള്ള മൂന്നാമത്തെ ഇന്ത്യക്കാരിയുടെ യാത്ര ഇന്ന് വൈകിട്ട് 6.30ന്. 34കാരിയായ ഇന്ത്യൻ വനിത സിരിഷാ ബാൻഡ്‌ലയുൾപ്പെടുന്ന സംഘം യുഎസിലെ ന്യൂ മെക്‌സിക്കോയിലുള്ള സ്‌പേസ്‌പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് പറന്നുയരുക. വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനുൾപ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘത്തിലാണ് ഇന്ത്യക്കാരി സിരിഷാ ബാൻഡ്‌ലയും ഇടം പിടിച്ചത്.

വെർജിൻ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വി എസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക. ഭൂമിയിൽ നിന്ന് 3 ലക്ഷം അടി വരെ ഉയരത്തിൽ വി എസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് അറിയിച്ചു.

യാത്രാസംഘത്തിൽ ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ലയും (34) ഉൾപ്പെടുന്നു. യാത്ര വിജയിച്ചാൽ, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാകും ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.