- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച ഏഴു വയസ്സുകാരിയെ കാലിൽ പിടിച്ചു നിലത്തടിച്ചു; ശക്തമായ അടിയിൽ തലയോട്ടി പൊട്ടിയ കുട്ടിക്ക് ആന്തരിക രക്തസ്രാവവും: ഒളിവിൽ പോയ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കായംകുളം: അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഏഴു വയസ്സുകാരിയെ അച്ഛൻ കാലിൽ പിടിച്ചു നിലത്തടിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ശക്തമായ അടിയിൽ തലയോട്ടി പൊട്ടിയ കുട്ടിക്ക് ആന്തരിക രക്തസ്രാവവും ഉണ്ട്. സംഭവത്തിൽ കുട്ടിയുടെ അച്ഛനും പത്തിയൂർ സ്വദേശിയുമായ യുവാവിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ടൈൽ പണിക്കാരനായ യുവാവ് ഭാര്യയെ മർദിച്ചു. കഴുത്തിൽ ഷാൾ ചുറ്റി മുറുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കുട്ടികൾ ഭയചകിതരായി. മകൾ കരഞ്ഞുകൊണ്ട് യുവാവിന്റെ കാലിൽ കെട്ടിപ്പിടിച്ചു. ഇതിനിടെ ഇയാൾ കുട്ടിയുടെ കാലിൽ പിടിച്ചുയർത്തി തറയിലടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതുകണ്ട കുട്ടിയുടെ സഹോദരന്മാർ ഭയന്നു പുറത്തേക്കോടി. പരുക്കേറ്റ കുട്ടിയും അമ്മയും ബോധരഹിതരായി വീണു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് കുട്ടിയെ എടുത്ത് ഓട്ടോയിൽ പത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ ഇല്ലാത്തതിനാൽ തിരികെ വീട്ടിൽ കൊണ്ടുവന്നു. അപ്പോഴും കുട്ടിക്ക് അനക്കമില്ലായിരുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം അമ്പിളി ഷാജിയും നാട്ടുകാരും ചേർന്ന് കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ യുവാവിനെ ഡിവൈഎസ്‌പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം, കരീലക്കുളങ്ങര സിഐ സുധിലാലിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ ഓച്ചിറയിൽ നിന്നാണു പിടികൂടിയത്. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, ആലപ്പുഴ ശിശുക്ഷേമസമിതി അധ്യക്ഷ ജലജ ചന്ദ്രൻ, അംഗം എം.നാജ, ജില്ലാ ശിശുസംരക്ഷണ ഓഫിസർ ടി.വി.മിനിമോൾ എന്നിവർ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. കുട്ടിയുടെ സഹോദരങ്ങളുടെ സംരക്ഷണം ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു.