- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുകപുത്തൂരിൽ മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും; നിയോഗിച്ചത് ഒരു ഡിവൈഎസ്‌പിയും രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരും ചേർന്ന സംഘത്തെ; ഒളിവിലുള്ളവർക്കായി തെരച്ചിൽ അതിശക്തം
കൂറ്റനാട്: തിരുമിറ്റക്കോട് കറുകപുത്തൂരിൽ മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ഒരു ഡിവൈഎസ്‌പിയും രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരും ചേർന്ന സംഘത്തെയാണ് നിയോഗിച്ചത്. കൂടാതെ രണ്ട് സബ് ഇൻസ്പെക്ടർമാരും മൂന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും ഒരു വനിത ഉദ്യോഗസ്ഥയും സംഘത്തിന്റെ ഭാഗമായുണ്ട്.
ഷൊർണൂർ ഡിവൈഎസ്‌പി പി എൻ സുരേഷ് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, നിലവിൽ അറസ്റ്റിലായവർക്ക് പുറമേ ആറ് പേര് കൂടി ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ശാസ്ത്രീയ അന്വേഷണത്തിനാണ് സംഘം ഒരുങ്ങുന്നത്. ഇതിനായി പെൺകുട്ടിയുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരശേഖരണം തുടങ്ങി. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി പ്രതികൾ നടത്തിയ ആശയവിനിമയവും പരിശോധിക്കും.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നിലവിലുണ്ട്. ഇവർക്കായി രണ്ട് ദിവസങ്ങളിലായി പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.