റിയാദ്: സൗദിയിൽ ക്വാറന്റൈൻ നിയമം ലംഘിച്ചാൽ വിദേശികൾക്ക് ആജീവനാന്ത വിലക്ക്. ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർ രണ്ട് ലക്ഷം റിയാൽ വരെ പിഴ ഒടുക്കുകയോ രണ്ട് വർഷം വരെ ജയിൽവാസം അനുഭവിക്കേണ്ടി വരികയോ ചെയ്യും. ചിലഘട്ടങ്ങളിൽ രണ്ട് ശിക്ഷയും ഒരുമിച്ച് നേരിടേണ്ടി വരും. ക്വാറന്റൈൻ നിയമം ലംഘിക്കുന്ന വിദേശികളെ ശിക്ഷാ കാലാവധി അവസാനിക്കുന്ന മുറക്ക് സൗദിയിലേക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി നാടു കടത്തുമെന്നും അധികൃതർ അറിയിച്ചു.

ക്വാറന്റൈൻ നിയമം ലംഘിച്ചതിന് നിരവധി പേരെയാണ് ഇന്നലെയും പിടികൂടിയത്. കോവിഡ് ബാധിച്ചതിന് ശേഷവും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കാതെ പുറത്തു കറങ്ങി നടന്ന പ്രതികളെ ബന്ധപ്പെട്ട കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പിടികൂടിയത്. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.