- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർഹരായ എല്ലാവർക്കും ഭൂമിയുടെ രേഖ ഉറപ്പാക്കും; ഇക്കുറി ചുരുങ്ങിയത് അഞ്ചു ലക്ഷം പട്ടയങ്ങളെങ്കിലും നൽകാനാകുമെന്നും മന്ത്രി കെ. രാജൻ
കോട്ടയം: സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോട്ടയം കളക്ടറേറ്റിൽ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച്ച നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ജനങ്ങൾക്ക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളിൽ നിന്നു കൊണ്ടുതന്നെ പട്ടയം ലഭ്യമാക്കാൻ കഴിയണം. ഇതിന് നിയമപരിരക്ഷയോ ഉത്തരവോ സ്പഷ്ടികരണമോ ആവശ്യമെങ്കിൽ ഉറപ്പാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 1.53 ലക്ഷം പട്ടയങ്ങൾ നൽകിയിരുന്നു. ഇക്കുറി ചുരുങ്ങിയത് അഞ്ചു ലക്ഷം പട്ടയങ്ങളെങ്കിലും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂറു ദിവസംകൊണ്ട് പട്ടയവും പർച്ചേസ് സർട്ടിഫിക്കറ്റും ഉൾപ്പെടെ പതിനാറായിരത്തോളം രേഖകൾ കൊടുക്കാനാകും.
സർക്കാരിന്റെ ഒരുതരി മണ്ണുപോലും അനർഹമായി ആരും കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. ഇതിനുള്ള നടപടികൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും.
എല്ലാവർക്കും ഭൂമിയും എല്ലാ ഭൂമിക്കും രേഖയും നൽകുന്നതും സേവനങ്ങളുടെ ആധുനികവത്കരണവും കാലഘട്ടത്തിന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിർവഹിക്കേണ്ടതുണ്ട്. സേവനങ്ങളെ പൂർണമായും സ്മാർട്ടാക്കുന്നതിന് കുറഞ്ഞ കാലം മതി. അതോടൊപ്പം നിരന്തരമായ പഠനത്തിലൂടെ ഉദ്യോഗസ്ഥർ സ്വയം നവീകരിക്കുകയും വേണം. ഇതിന് ഉതകുന്ന പരിശീലന സംവിധാനം വകുപ്പിൽ ഏർപ്പെടുത്തും. പ്രവർത്തന മികവ് വിലയിരുത്തി ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകുന്നതിനും നടപടി സ്വീകരിക്കും-മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എം. അഞ്ജന, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
മറുനാടന് മലയാളി ബ്യൂറോ