ങ്ങാടിയിൽ തോറ്റ സായിപ്പന്മാർ അമ്മയുടേ നെഞ്ചത്തേക്ക് കയറുവാൻ തുടങ്ങിയിരിക്കുന്നു. യൂറോ കപ്പിലെ പരാജയം പലരുടെയും സമനിലതെറ്റിച്ചെന്നാണ് കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ വംശീയത നിറയുന്ന ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീമിലെ കറുത്തവർഗ്ഗക്കാർക്കെതിരെ. മാർക്കസ് റാഷ്ഫൊർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങളാണ് ഇപ്പോൾ തോൽവിയുടെ പാപഭാരം ചുമക്കുന്നത്.

ഗതികെട്ട സഹകളിക്കാരൻ ടൈറോൺ മിങ്സ് ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആഞ്ഞടിക്കുകയാണ്. പ്രധാനമായും അദ്ദേഹം ആക്രമിക്കുന്നത് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേലിനെയാണ്. ഇംഗ്ലീഷ് ടീമിന്റെ മുഖമുദ്രയായ വംശീയതയ്ക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തെ രാഷ്ട്രീയമായി മുതലെടുപ്പു നടത്താൻ ഉപയോഗിച്ച പ്രീതി പട്ടേൽ ഇംഗ്ലണ്ടിന്റെ തോൽവിയെ തുടർന്നുണ്ടായ അമർഷത്തിന്റെ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന ആരോപണമാണ് ടൈറോൺ മിങ്സ് ഉന്നയിക്കുന്നത്.

അവസാനം വരെ പോരാടി നിന്ന ഇംഗ്ലീഷ് ടീമിന് പെനാൽറ്റി ഷൂട്ടിൽ നഷ്ടപ്പെട്ട വിജയത്തിന് ഉത്തരവാദിത്തം ഏൽക്കേണ്ടിവരുന്നത് പെനാലിറ്റികൾ പാഴാക്കിയ മൂന്നു കളിക്കാരാണ്. അവരെ ഒറ്റപ്പെടുത്തിക്കൊണ്ട് വംശീയവിഷം ചീറ്റുന്ന ട്രോളുകൾക്കും പോസ്റ്റുകൾക്കും എതിരെ പ്രീതി പട്ടേൽ ഇട്ടപോസ്റ്റിനു താഴെയാണ് മിംഗിന്റെ അമർഷം അണപൊട്ടിയൊഴുകിയത്. തങ്ങളുടേ വംശീയ വിവേചനത്തിനെതിരെയുള്ള സന്ദേശം ടൂർണമെന്റിന്റെ ആരംഭത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് മിങ് പട്ടേലിനെ ഓർമ്മപ്പെടുത്തുന്നത്.

ടൂർണമെന്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ, ടീമിന്റെ വംശീയതയ്ക്കെതിരെയുള്ള പ്രതീകാത്മക നിലാപാടുകളോട് യോജിക്കുന്നുവോ എന്ന ചോദ്യത്തിന് ആരം അത്തരത്തിലുള്ള പ്രതീകാത്മക രാഷ്ട്രീയം കളിക്കേണ്ടതില്ല എന്നായിരുന്നു പ്രീതി പട്ടേൽ മറുപടി പറഞ്ഞത്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ മത്സര സമയത്ത് അത്തരത്തിലുള്ള പ്രതീകങ്ങൾ ഉൾക്കൊള്ളണമോ തള്ളിക്കളയണമോ എന്ന് തീരുമാനിക്കേണ്ടത് ആരാധകരാണെന്നും അവർ പറഞ്ഞിരുന്നു. പെനാൽറ്റി നഷ്ടപ്പെട്ടതിനെ തുടർന്ന് മാഞ്ചെസ്റ്ററിലെ തന്റെ ചുമർ ചിത്രം ഇംഗ്ലീഷ് ആരാധകർ വികലമാക്കിയത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് റാഷ്ഫോർഡ് വെളിപ്പെടുത്തിയതിന്റെ പുറകെയാണ് മിങ്സിന്റെ കമന്റ് വന്നിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ടീമിലെ ചില അംഗങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്നവർക്കെതിരെ ശക്തമായ നിലപാടുമായി ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ രംഗത്തെത്തി. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല എന്നായിരുന്നു ആരാധകരെന്ന വ്യാജേന എത്തി വംശീയ വിദ്വേഷം പരത്തുന്നവരോട് അദ്ദേഹം പറഞ്ഞത്. മിംഗിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപുറകെ ടോറി നേതാവായ ബരോണസ് സയീദ വാഴ്സിയും പ്രീതി പട്ടേലിനെതിരെയുള്ള പരാമർശങ്ങളുമായി എത്തി.

ഇത്തരത്തിലുള്ള സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ നമുക്കുള്ള പങ്കെന്താണെന്ന് സർക്കാരും കൺസർവേറ്റീവ് പാർട്ടിയും ആലോചിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. നമ്മൾ കൊടുക്കുന്ന നിർദ്ദേശത്തിനനുസരിച്ച് പ്രതികരിക്കുന്ന നായ ആരെയെങ്കിലും കടിക്കുകയോആർക്കെങ്കിലും നേരെ കുരയ്ക്കുകയോ ചെയ്താൽ അതിനുത്തരവാദിത്തം നമുകുമുണ്ടെന്ന് ഓർക്കണം എന്നും അവർ എഴുതി. സാംസ്‌കാരിക യുദ്ധങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്നും അവർ ഓർമ്മിപ്പിച്ചു.

അതേസമയം വംശീയ വിദ്വേഷം വിളമ്പുന്നവർക്ക് ബോറിസ് ജോൺസൺ പൂർണ്ണ പിന്തുണ നൽകുകയാണെന്ന ആരോപണം ഡൗണിങ് സ്ട്രീറ്റ് നിഷേധിച്ചു. ടീമിന്റെ വംശീയതയ്ക്കെതിരെയുള്ള പ്രതീകാത്മക പ്രകടനത്തെ പ്രീതി പട്ടേലിനെ പോലെ ബോറിസും തള്ളിപ്പറഞ്ഞിരുന്നു. ഇതിലൂടെ അവർ എരിതീയിൽ എണ്ണയൊഴിച്ചുകൊടുക്കുകയായിരുന്നു എന്ന് ലേബർ ഡെപ്യുട്ടി ലീഡർ ഏഞ്ചല റേയ്നർ ആരോപിച്ചു. എന്നാൽ, ടീമംഗങ്ങൾക്ക് നേരെ വംശീയ വിദ്വേഷം പരത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് ഇന്നലെ രാത്രി ബോറിസ് ജോൺസനെത്തി. അത്തരക്കാരെയോർത്ത് രാജ്യം ലജ്ജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇംഗ്ലീഷ് ടീം ഒന്നാകെ വീരനായകരെ പോലെ കളിച്ചുവെന്നുംഇത് ടീമിന്റെ നേട്ടങ്ങളുടെ ആരംഭം മാത്രമാണെന്നും ബോറിസ് ജോൺസൺ ട്വീറ്ററിൽ കുറിച്ചു. ടീം മാനേജർ ഗാരെത്ത് സൗത്ത്ഗെയ്റ്റും വില്യം രാജകുമാരനും ഇത്തരത്തിൽ വംശീയ വിദ്വേഷം പരത്തുന്ന നടപടികൾക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടൂണ്ട്. എന്നാൽ, അവരുടെ പോസ്റ്റുകളിലും എത്തുന്ന കമന്റുകളിൽ അധികവും പ്രധാനമന്ത്രിയേയും ആഭ്യന്തര സെക്രട്ടറിയേയും കുറ്റപ്പെടുത്തുന്നവയാണ്.