ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലധ്യക്ഷന്മാരായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവരുടെ ദേഹവിയോഗത്തിൽ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. എക്യൂമെനിക്കൽ പ്രസ്ഥാനത്തിനു പിതാക്കന്മാർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും എന്നു ഫാ.ജോൺ തോമസ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ഒരു സഭയെ ദൈവം ജനങ്ങൾക്ക് നൽകിയെങ്കിൽ ജനങ്ങൾ അത് പല സഭകളാക്കി എന്ന ക്രിസോസ്റ്റം തിരുമേനിയുടെ വളരെ പ്രസിദ്ധമായ നർമ്മരസത്തോടുള്ള നിരീക്ഷണം പരാമർശിക്കപ്പെട്ടു. വിടവാങ്ങിയ പിതാക്കന്മാരോടുള്ള ആദരസൂചകമായി യോഗം ഒരു നിമിഷം മൗനമാചരിച്ചു. ജൂലൈ 11- നു സൂം പ്ലാറ്റഫോമിൽ കൂടിയ യോഗത്തിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യയുടെ മുൻ പ്രിസൈഡിങ് ബിഷപ്പ് അഭിവന്ദ്യ ഡോ. സി.വി. മാത്യു, ബിഷപ്പ് ഡോ. ജോൺസി ഇട്ടി എന്നിവർ പ്രസംഗിച്ചു. എക്യൂമെനിക്കൽ ഫെഡറേഷൻ സെക്രട്ടറി പ്രേംസി ജോൺ സ്വാഗതവും ട്രഷറർ ജോൺ താമരവേലിൽ കൃതജ്ഞതയും രേഖപ്പെടുത്തി.