ജിദ്ദ: മുപ്പതു വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്ന അബ്ദുൽ കരീം പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിൽ ആയിരുന്നു. അതിനിടെ അബ്ദുൽ അദ്ദേഹത്തെ കൊറോണാ ബാധിച്ചു. എന്നാൽ, കൊറോണ നെഗറ്റിവ് ആയെങ്കിലും വൃക്ക സംബദ്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ തുടർന്നു. ഒടുവിൽ ചൊവാഴ്ച പുലർച്ചയിൽ അന്ത്യശ്വാസം വലിച്ചു. തൃശൂർ, ചെറുതുരുത്തി, പള്ളം സ്വദേശി ഇടത്തൊടി അബ്ദുൽ കരീം (58) ആണ് പ്രവാസിയായി തന്നെ പ്രവാസലോകത്ത് വെച്ച് മരിച്ചത്. ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അബ്ദുൽ കരീം.

ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ 23 വർഷമായി സൗദിയിലെ പ്രസിദ്ധമായ അൽനഹ്ദി ഫാർമസി ശ്രുംഖലയിൽ പർച്ചേസിങ് വിഭാഗം ജീവനക്കാരനായിരുന്നു അബ്ദുൽ കരീം.

ഭാര്യ: കൂറ്റനാട് സ്വദേശി ആമിനക്കുട്ടി. മക്കൾ: ജിദ്ദയിലെ ഇനിഷ്യൽ കമ്പനി ജീവനക്കാരൻ അബ്ദുറഊഫ്, നാട്ടിലുള്ള റജിന, റഷ്ന. ജാമാതാവ്: ഷക്കീർ (ഖത്തർ).

വിവരമറിഞ് റിയാദിലുള്ള ബന്ധു സുനീർ ജിദ്ദയിലെത്തിയിട്ടുണ്ട്. അനന്തര നടപടികൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുനീർ പറഞ്ഞു.