പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ പഠനോപകരണമില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം നാളെ (15/07/2021) നടക്കും. സ്മാർട്ട് ഫോണുകളുടെ വിതരണോൽഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് ബോയ്‌സ് ടൗണിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ നിർവ്വഹിക്കും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. പാലാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് പേർക്കാണ് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നത്. ബോർഡ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന 10, 12 ക്ലാസുകളിലെ കുട്ടികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. നേരത്തെ എം എൽ എ യ്ക്കു ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് അർഹരെ തിരഞ്ഞെടുത്തിട്ടുള്ളത്.

അടിയന്തിര സഹായം എത്തിക്കണം: മാണി സി കാപ്പൻ

പാലാ: രാമപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കാറ്റിനെത്തുടർന്നു നാശനഷ്ടം സംഭവിച്ചവർക്കു നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് അടിയന്തിരമായി തയ്യാറാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് എം എൽ എ നിർദ്ദേശം നൽകി.