- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന വനിതാ വികസന കോർപ്പറേഷന് പുതിയ അംഗീകാരം; ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമാക്കി
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായി നാമനിർദ്ദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയെഴ്സ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാന ചാനലൈസിങ് ഏജൻസികളെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയിലാണ് നാമനിർദ്ദേശം ചെയ്തത്. ഇക്കഴിഞ്ഞ വർഷങ്ങളിലെ കോർപ്പറേഷന്റെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സംസ്ഥാന ചാനലൈസിങ് ഏജൻസികളെ പ്രതിനിധീകരിക്കാനുള്ള അവസരം കോർപ്പറേഷന് കൈവരിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളാണ് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുമായി സഹകരിച്ച് വനിതാ വികസന കോർപ്പറേഷൻ നടത്തുന്നത്. 1994-95 ലാണ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുമായുള്ള ഉടമ്പടി ഒപ്പ് വച്ചത്. കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത സ്വയം തൊഴിൽ വായ്പകളും കുടുംബശ്രീ യൂണിറ്റുകൾ വഴി മൈക്രോ ഫിനാൻസ് വായ്പകളും നൽകി കൊണ്ട് ന്യൂനപക്ഷ വനിതകളെ സ്വയം പര്യാപ്തരാക്കി വരികയാണ്.
കൂടാതെ വളരെ കുറഞ്ഞ പലിശയിൽ വിദ്യാഭ്യാസ വായ്പകൾ നൽകി ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 25,018 ന്യൂനപക്ഷ ഗുണഭോക്താക്കൾക്ക് വേണ്ടി ആകെ 388.59 കോടി രൂപയുടെ വായ്പയാണ് വനിതാ വികസന കോർപ്പറേഷൻ വിതരണം ചെയ്തിട്ടുള്ളത്.