കോഴിക്കോട്: എൺപതു  കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് നീതിയുക്തമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.  

സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്  ചീഫ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളേജിലെ 50 എൻ എസ് എസ് വോളന്റിയർമാർ പ്രൊഫസർ വർഗ്ഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്.  

വിശദമായ സർവേ നടത്തിയ ശേഷമാണ് തങ്ങൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്ന് പരാതിക്കാർ അറിയിച്ചു.  എന്നാൽ പരാതിക്കാർ ഉന്നയിച്ച വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ  സർക്കാരിന് മാത്രമാണ് അധികാരമെന്ന് കമ്മീഷൻ പറഞ്ഞു.  ഇക്കാര്യത്തിൽ കമ്മീഷന് ഇടപെടാൻ പരിമിതിയുണ്ടെന്നും ഉത്തരവിൽ പറയുന്നു.