ന്യൂഡൽഹി: ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസർക്കാർ നിർദ്ദേശം. ഈ വകുപ്പ് ചേർത്ത് കേസെടുക്കുന്നത് അവസാനിപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെടണം. റദ്ദാക്കിയ നിയമപ്രകാരം നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റു ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ വ്യവസ്ഥ ചെയ്തിരുന്ന വിവാദ നിയമം 2015 മാർച്ചിലാണ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. എന്നാൽ ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളിൽ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതായി പരാതി ഉയർന്നിരുന്നു.

66എ വകുപ്പ് റദ്ദാക്കിയ ശേഷവും ഈ വകുപ്പുപ്രകാരം രാജ്യത്ത് 1000ത്തിലേറെ കേസുകൾ എടുത്ത പൊലീസ് നടപടി ഞെട്ടിച്ചെന്ന് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞിരുന്നു. ഈ നിയമം ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ ആർ നരിമാൻ, കെഎം ജോസഫ്, ബിആർ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

66എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടനയാണ് കോടതിയെ സമീപിച്ചിരുന്നത്. നിയമം റദ്ദാക്കിയ ശേഷവും ഇതേവകുപ്പ് പ്രകാരം മഹാരാഷ്ട്ര (381), ജാർഖണ്ഡ് (291), യുപി (245), രാജസ്ഥാൻ (192), ആന്ധ്രാപ്രദേശ് (38), അസം (59), ഡൽഹി (28), കർണാടക (14), തെലങ്കാന (15), തമിഴ്‌നാട് (ഏഴ്), ബംഗാൾ (37) എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.