- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടുമലയിലെ എട്ടു വയസ്സുകാരി മരിച്ചതും പീഡനത്തിന് പിന്നാലെ; കൊലനടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും പ്രതികൾ കാണാമറയത്ത്: പരാതിക്കാരില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
മൂന്നാർ: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ 22കാരൻ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന വാർത്ത കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയെങ്കിലും പൊലീസ് ബുദ്ധി ഉണർന്നു പ്രവർത്തിച്ചപ്പോൾ കുഞ്ഞിനെ കൊന്നു കെട്ടിത്തൂക്കിയ പ്രതിയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടി. വീട്ടുകാർ പോലും കുട്ടി കളിച്ചപ്പോൾ ഷാൾ കുരുങ്ങി മരിച്ചതാണെന്ന നിലപാടെടുത്തപ്പോൾ പൊലീസിന്റെ അന്വേഷണാത്മകത ഒന്നു മാത്രമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
എന്നാൽ മൂന്നാർ ഗുണ്ടുമലയിൽ രണ്ടുവർഷം മുൻപ് സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ എട്ടു വയസ്സുകാരിക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല. പരാതിക്കാരില്ലാത്ത കേസിൽ പ്രതികൾ ഇന്നും കാണാമറയത്താണ്; എങ്ങുമെത്താത്തതിനാൽ പൊലീസ് അന്വേഷണവും അവസാനിപ്പിക്കുകയാണ്. 2019 സെപ്റ്റംബർ 9 നാണ് മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാളുടെ എട്ട് വയസ്സുകാരിയായ മകളെ കിടപ്പുമുറിയിലെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാകാം മര കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടിയത്. കുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കേസിൽ പരാതിക്കാർ ഇല്ലാതെ വന്നതോടെ അന്വേഷണം വഴിമുട്ടി. സംഭവ സമയത്ത് കാഴ്ചക്കുറവുള്ള മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഈ കേസിൽ ബന്ധുക്കളുടെ ഭാഗത്തു നിന്ന് പരാതികളോ പൊലീസിനു മേൽ സമ്മർദമോ ഇല്ലാതിരുന്നതാണ് അന്വേഷണത്തിലെ ആലസ്യത്തിനു കാരണം. ബന്ധുക്കൾ പരാതി നൽകാൻ തയാറാവാതിരുന്ന ഈ സംഭവത്തിൽ പൊലീസ് കേസെടുത്തതു തന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ ആയിരുന്നു.
പൊലീസിന്റെ വൻപട തന്നെ എസ്റ്റേറ്റിൽ ക്യാംപ് ചെയ്ത് ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിയെങ്കിലും അതെല്ലാം കുറച്ചു നാൾ കൊണ്ട് അവസാനിച്ചു. ബന്ധുക്കളുടെ പരാതികളോ സമ്മർദമോ ഇല്ലെങ്കിലും ഒരു പിഞ്ചുകുഞ്ഞ് പല തവണ പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ യാഥാർഥ്യം പുറത്തുകൊണ്ടുവരേണ്ട ചുമതല പൊലീസിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ