കഴക്കൂട്ടം: വർക്ക് അറ്റ് ഹോം ആയി ടെക്കികൾ എല്ലാം വീട്ടിലേക്ക് മടങ്ങിയതോടെ ടെക്‌നോപർക്ക് ക്യാംപസിൽ പാർക്കു ചെയ്തു പോയ വാഹനങ്ങൾ ഒട്ടേറെയാണ്. ഇവയെല്ലാം ഉടമസ്ഥരില്ലാതെ കിടന്ന് തുരുമ്പു പിടിച്ച നിലയിലായി. ഇതോടെ ഉടമസ്ഥർ എത്തി ഉടൻ മാറ്റണമെന്ന് പാർക്ക് അധികൃതർ നിർദ്ദേശം നൽകി. അരലക്ഷത്തിലേറെ പേർ ജോലി ചെയ്തിരുന്ന പാർക്കിലെ മിക്ക കമ്പനികളിലും ഒഴിച്ചുകൂടാനാവാത്ത ജോലി ചെയ്യാൻ മാത്രമേ ഇപ്പോൾ ജീവനക്കാരെ വരുത്തുന്നുള്ളൂ. കോവിഡും തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും കൊണ്ട് നല്ലൊരു ഭാഗം ടെക്കികളും നാട്ടിലേക്കു മടങ്ങി.

ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ക്യാംപസിന്റെ പല കെട്ടിടങ്ങൾക്കു സമീപം അനാഥമായി കിടക്കുകയാണ്. ബൈക്കുകൾ മാത്രം 38 എണ്ണം ഉണ്ട്. ഇവയിൽ തന്നെ പകുതിയിലേറെ വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളുടെ ഉടമകൾ ആരെന്നറിയില്ല. ഇത്തരം വാഹനങ്ങൾ പാർക്കിനെകുറിച്ചുള്ള മതിപ്പ് കുറയാൻ ഇടയാകുമെന്നും ഉടമകൾ വാഹനങ്ങൾ എത്രയും വേഗം ക്യാംപസിനുള്ളിൽ നിന്നും മാറ്റണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

cso@technopark.org എന്ന സൈറ്റിൽ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ അയക്കണം എന്ന് അധികൃതർ അറിയിച്ചു.