ജീവനക്കാരുടെ കുറവിനാൽ ഹീത്രൂ വിമാനത്താവളത്തിലെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ബ്രിട്ടീഷ് എയർവേയ്സിൽ യാത്രചെയ്യുന്നവർ സുഗമമായി കാര്യങ്ങൾ മുന്നോട്ടുപോകുവാൻ യാത്രയുടെ തലേദിവസം ലഗേജ് വിമാനത്താവളത്തിലെത്തിക്കാൻ ശ്രമിക്കണമെന്ന് എയർവേയ്സ് വക്താക്കൾ ആവശ്യപ്പെടുന്നു. ഹീത്രൂവിലെ ടെർമിനൽ 5 ൽ തിരക്ക് വർദ്ധിക്കുകയാണെന്നും ബാഗുകൾ ചെക്ക് ഇൻ ചെയ്യേണ്ടവർ തലേദിവസം എത്തിക്കണമെന്നുമുള്ള സന്ദേശം ഉപഭോക്താക്കൾക്ക് അയക്കുകയാന് ബ്രിട്ടീഷ് എയർവേയ്സ്.

എൻ എച്ച് എസ്സ് ആപ്പിലൂടെ നിർദ്ദേശം ലഭിച്ചതിനാൽ നിരവധി സെക്യുരിറ്റി ജീവനക്കാർ സെൽഫ് ഐസൊലേഷനിൽ പോയതിനാൽ വിമാനത്താവളത്തിൽ ആകെ ആശയക്കുഴപ്പമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെന്ന് യാത്രക്കാർ പറയുന്നു. ഒരിടത്ത്, ആയിരക്കണക്കിന് യാത്രക്കാർ കാത്തുനിൽക്കുമ്പോഴും രണ്ട് സെക്യുരിറ്റി ലെയ്നുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും യാത്രക്കാർ പറയുന്നു. യാതൊരുവിധത്തിലുള്ള സാമൂഹിക അകലവും പാലിക്കാതെ ടേർമിനൽ 5 ൽ തിക്കിതിരക്കുന്ന യാത്രക്കാരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതുകാരണം അനവധി വിമാന സർവ്വീസുകൾ വൈകുകയും നിരവധി യാത്രക്കാർക്ക് വിമാനത്തിൽ കയറാൻ പറ്റാതെ വരികയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ് ബ്രിട്ടീഷ് എയർവേയ്സ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് മുൻപുള്ള വിമാനങ്ങളിൽ പോകുന്നവർ ചെക്ക് ഇൻ ചെയ്യേണ്ട ലഗേജുകൾ തലേദിവസം വൈകിട്ട് 4 മണിക്കും 9 മണിക്കും ഇടയിൽ ടെർമിനൽ 5 ൽ എത്തിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ടെക്സ്റ്റ് മെസേജ് ആയും ഈമെയിൽ സന്ദേശമായും ഈ നിർദ്ദേശം അയച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച്ച രാവിലെ ഉണ്ടായ വൻതിരക്ക് രാവിലെ 7 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലുള്ള് വിമാനസർവ്വീസുകളെ പ്രതികൂലമായി ബാധിച്ചു. ഉച്ചയോടെ പ്രശ്നം പരിഹരിക്കാനായി എന്നാണ് എയർലൈൻ വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, കൂടുതൽ സെക്യുരിറ്റി ജീവനക്കാർക്ക് സെൽഫ് ഐസൊലേഷനിൽ പോകാനുള്ള നിർദ്ദേശം ലഭിച്ചതിനാൽ കാര്യങ്ങൾ വീണ്ടും പ്രശ്നത്തിലാവുകയായിരുന്നു. ഇപ്പോൾ യാത്രക്കാർക്ക്, വിമാനംപുറപ്പെടുന്നതിനും വളരെ മുൻപ് വിമാനത്താവളത്തിൽ എത്തേണ്ട ഗതികേടാണ് ഉള്ളത്.