- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയുക്ത കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തില്ല; മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ നിയോഗിക്കാൻ ഇനി സുന്നഹദോസും മലങ്കര അസോസിയേഷനും ചേരണം; കാതോലിക്കാ ബാവ ആരാകുമെന്ന ആകാംക്ഷയിൽ സഭാവിശ്വാസികൾ
കൊല്ലം : മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തതിനെ തുടർന്ന് അടുത്ത കാതോലിക്കാ ബാവ ആരാകുമെന്ന ആകാംക്ഷയിൽ വിശ്വാസി സമൂഹം. സഭയുടെ പരമാധ്യക്ഷൻ ആരാകുമെന്ന ചർച്ച സഭാ നേതൃത്വത്തിനിടയിൽ സജീവമാണ്. നിയുക്ത കാതോലിക്കാ ബാവ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.
ഓർത്തഡോക്‌സ് സഭ പരന്പരാഗതമായി നിയുക്ത കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്ന പതിവുണ്ടായിരുന്നു. കാതോലിക്കാ ബാവ പരമാധ്യക്ഷനായി തുടരുമ്പോൾത്തന്നെ പിൻഗാമിയെ മലങ്കര അസോസിയേഷൻ ചേർന്ന് തിരഞ്ഞെടുക്കും.
എന്നാൽ പൗലോസ് ദ്വിതീയൻ ബാവയുടെ കാലത്ത് നിയുക്ത കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. അതിനാൽ സഭാ ഭരണഘടനപ്രകാരം ഇനി സുന്നഹദോസും തുടർന്ന് മലങ്കര അസോസിയേഷനും ചേർന്നുമാത്രമേ കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കാനാകൂ.
സഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ അഞ്ചംഗസമിതിക്ക് സുന്നഹദോസ് രൂപംനൽകി. തുമ്പമൺ ഭദ്രാസനാധിപനും മുതിർന്ന മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാർ ക്‌ളിമ്മീസാണ് സമിതിയുടെ അധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം), സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ് (ചെന്നൈ), ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് (തൃശ്ശൂർ), ഡോ. യാക്കോബ് മാർ െഎറേനിയോസ് (കൊച്ചി) എന്നിവരാണ് അംഗങ്ങൾ. മലങ്കര അസോസിയേഷൻ നടത്തിപ്പിന്റെ ചുമതലയും ഇവർക്കായിരിക്കും.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അസുഖബാധിതനായതിനെ തുടർന്ന് നിയുക്ത കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞമാസം തുടങ്ങിയിരുന്നു. അതനുസരിച്ച് ഒക്ടോബർ 14-ന് പരുമലയിൽ മലങ്കര അസോസിയേഷൻ ചേരാൻ കാതോലിക്കാ ബാവ ജൂൺ 10-ന് കല്പനയിലൂടെ നിർദ്ദേശംനൽകി. അസോസിയേഷനുമുൻപായി മെത്രാപ്പൊലീത്തമാരുടെ സമിതിയായ സുന്നഹദോസ് ചേർന്ന് കാതോലിക്കാ ബാവ ആരാകണമെന്ന് തിരുമാനത്തിലെത്തും. ഈ തിരുമാനത്തിന്റെ അംഗീകാരമാണ് മലങ്കര അസോസിയേഷൻ നൽകുക.
ഭരണഘടന അനുസരിച്ച് 120 ദിവസംമുൻപ് നോട്ടീസ് നൽകിമാത്രമേ മലങ്കര അസോസിയേഷൻ ചേരാനാകൂ. സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിൽനിന്നും തിരഞ്ഞെടുത്ത പ്രതിനിധികളാണ് അസോസിയേഷനിൽ പങ്കെടുക്കുക. ഓഗസ്റ്റ് രണ്ടിന് സുന്നഹദോസ് ചേരുന്നതിനും തിരുമാനമായിട്ടുണ്ട്.
നിലവിൽ 24 ഭദ്രാസന മെത്രാപ്പൊലീത്തമാരാണുള്ളത്. ഇവരിൽനിന്ന് ആർക്കുവേണമെങ്കിലും കാതോലിക്കാ ബാവ സ്ഥാനാർത്ഥിയാകാൻ കഴിയും. എന്നാൽ മുതിർന്നയാളും എല്ലാവർക്കും സ്വീകാര്യനുമായ മെത്രാപ്പൊലീത്തയെ സുന്നഹദോസ് തിരഞ്ഞെടുക്കുകയാണ് കീഴ്‌വഴക്കം. ഡോ. മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം), ഗീവർഗീസ് മാർ കൂറിലോസ് (മുംബൈ), ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ്), ഡോ. യാക്കോബ് മാർ െഎറേനിയോസ് (കൊച്ചി), ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് (തിരുവനന്തപുരം) തുടങ്ങിയവർ സാധ്യതാപട്ടികയിലുണ്ട്.
ന്യൂസ് ഡെസ്ക്