- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറിയുടെ മറവിൽ കർഷകരെ ക്രൂശിക്കാൻ അനുവദിക്കില്ല: രാഷ്ട്രീയ കിസാൻ മഹാസംഘ്
തൊടുപുഴ: സർക്കാർ ഉദ്യോഗസ്ഥരും വനം മാഫിയകളും സംഘടിതമായി നടത്തിയ അനധികൃത മരംമുറിയുടെയും വനം കൊള്ളയുടെയും മറവിൽ കർഷകരെ ബലിയാടാക്കി ക്രൂശിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
അനധികൃത മരം മുറിക്കൽ ഒരു ദിവസത്തെ സൃഷ്ടിയല്ല. വൻകിട വനം മാഫിയ സംഘങ്ങളുടെ വൻ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനാൽത്തന്നെ വനംവകുപ്പിലെ ഉന്നതർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമാണ്. വനംവകുപ്പിന്റെ വനംകൊള്ള പുറത്തുവന്നിരിക്കുമ്പോൾ പാവപ്പെട്ട കർഷകർക്കെതിരെ കേസെടുത്ത് തടിതപ്പാൻ ശ്രമിക്കുന്ന ക്രൂരത അനുവദിക്കില്ല.
2020 ഒക്ടോബർ 24ലെ ഉത്തരവിറക്കിയത് സംസ്ഥാന സർക്കാരാണ്. ഉത്തരവ് വിവാദമാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം അതിറക്കിയവർക്കാണ്; കർഷകർക്കല്ല. സ്വന്തം കൃഷിഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുവാനും മുറിച്ചുമാറ്റുവാനും കർഷകർക്ക് അവകാശമുണ്ട്. ഉന്നതരെ രക്ഷിക്കാൻ കർഷകർക്കെതിരെ കള്ളക്കേസെടുക്കുവാൻ ആരെയും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചെതിർക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.