ഹൂസ്റ്റൺ: കാലം ചെയ്ത ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ജയിലിൽ ചികിത്സയിലിരിക്കെ ജീവൻ വെടിയേണ്ടിവന്ന ഫാ.സ്റ്റാൻസ്വാമി, പട്ടത്വ ശുശ്രൂഷയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏവരുടേയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി മുപ്പത്തിയെട്ടാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ മാർത്തോമാ സഭയിലെ യുവ പട്ടക്കാരൻ റവ.അനൂപ് മാത്യു എന്നിവരുടെ പാവന സ്മരണക്കു മുമ്പിൽ ഇന്റർനാഷ്ണൽ പ്രെയർ ലൈൻ പ്രണാമമർപ്പിച്ചു.

ജൂലായ് 13 ചൊവ്വാഴ്ച വൈകീട്ട് 374-ാമത് ഇന്റർനാഷ്ണൽ പ്രെയർ ലൈൻ ആരംഭിച്ചതു ഈ പുണ്യാത്മക്കൾക്ക് ആദരാജ്ഞലികൾ അർപ്പ്ിച്ചുകൊണ്ടായിരുന്നു. ഐ.പി.എൽ കോർഡിനേറ്റർ സി.വി.സാമുവേൽ മൂവരുടേയും ആകസ്മിക വിയോഗത്തിൽ ഐ.പി.എൽ.കുടുംബം അനുശോചനം അറഇയിക്കുന്നതായും, ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രസ്താവിച്ചു.

തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള ജോൺ വർഗീസ് പ്രാരംഭ പ്രാർത്ഥന നടത്തി. മോളി മാത്യൂ(ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരിയും, ഗുരുഗ്രാം സെന്റ് തോമസ് മാർത്തോമാ ചർച്ച് പ്രിൻസിപ്പാളുമായിരുന്ന റവ.ഈപ്പൻ വർഗീസ് ധ്യാന പ്രസംഗം നടത്തി. 2 ദിനവൃത്താ ഇരുപതാം അദ്ധ്്യായം 12-ാം വാക്യത്തെ അധികരിച്ച് 'വിസ്ഡം ഓഫ് പ്രയർ' (Wisdom of Prayer) എന്ന വിഷയത്തെ ആസ്പദമാക്കി ഈപ്പൻ അച്ചൻ പ്രാർത്ഥനയുടെ വിവിധ അത്ഭുത പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. പ്രാർത്ഥനയെന്നത് ജീവിതത്തിന് സ്ഥിരത നൽകുന്ന, ശൈലിയും, മനോഭാവവും, മാറുന്ന അനുഭവമായിരിക്കണമെന്നും, അതോടൊപ്പം ബലഹീനതയിൽ പ്രാർത്ഥനയിലൂടെ ദൈവകൃപ അനുഭവവേദ്യമായി തീരണമെന്നും അച്ഛൻ ഉദ്ബോധിപ്പിച്ചു.

ഹൂസ്റ്റണിൽ നിന്നുള്ള ഐ.പി.എൽ. കോർഡിനേറ്റർ ടി.എ.മാത്യു നന്ദി പറഞ്ഞു. തുടർന്നുള്ള മദ്ധ്യസ്ഥ പ്രാർത്ഥനക്ക് വൽസമാത്യു നേതൃത്വം നൽകി. റവ.കെ.ബി. കുരുവിളയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും യോഗം സമാപിച്ചു. ഷിജി ജോർജ് ഐ.പി.എൽ. പ്രാർത്ഥനക്ക് ടെക്നിക്കൽ സപ്പോർട്ടറായി പ്രവർത്തിച്ചു.