ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും സമ്പൂർണ്ണ സ്വാതന്ത്ര്യം നേടാൻ ഇനി കേവലം മൂന്ന് ദിവസം മാത്രം നിൽക്കേ ബ്രിട്ടൻ മറ്റൊരു ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന ഭീതി സംജാതമായിരിക്കുന്നു. ഇന്നലെ 48,553 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി രോഗംസ്ഥിരീകരിച്ചിരിക്കുന്നത്. 63 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. രാജ്യവ്യാപകമായി തന്നെ ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഏതു നിമിഷവും മറ്റൊരു ലോക്ക്ഡൗൺ നിലവിൽ വന്നേക്കാം എന്ന ആശങ്കയുണർന്നിരിക്കുന്നത്.

ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രികൾക്ക് മേൽ സമ്മർദ്ദം ഏറുകയാണെന്നും ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ചികിത്സതേടി ആശുപത്രികളെ അഭയം പ്രാപിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 20 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇപ്പോൾ രൊഗം അതിവേഗം വ്യാപിക്കുന്നത്. യൂറൊകപ്പിന്റെ പ്രഭാവമാണ് ഇതെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ബ്രിട്ടീഷ് സയൻസ് മ്യുസിയത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. രോഗവ്യാപന തൊത് ഇരട്ടിക്കുകയാണെന്നും ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്നും അതുപോലെ കോവിഡ് മരണനിരക്കും ഇരട്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിൽ നിന്നും ഇനിയും പൂർണ്ണമായും മുക്തി നേടാത്തിടത്തോളം കാലം ഏതുനിമിഷവും വലിയൊരു ദുരന്തം നാം പ്രതീക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വാക്സിൻ പദ്ധതിയുടെ വിജയവും, കോവിഡ് ചികിത്സകളിൽ കൈവരിച്ച പുരോഗതിയും കാര്യങ്ങൾ മുൻകാലങ്ങളിലേതുപോലെ വഷളാക്കാതെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 19 ന് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചാലും ജനങ്ങൾ കരുതൽ എടുക്കുന്നത് തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതുപോലെ ജനിതകമാറ്റം സംഭവിച്ച്, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു ഇനം കൊറോണ വന്നുകൂടായ്കയില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ ബ്രിട്ടൻ കോവിഡിന്റെ ആദ്യകാലഘട്ടത്തിലേക്ക് തിരിച്ചുപോയേക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ഇക്കാര്യത്തിൽ ശാസ്ത്രം അഭൂതപൂർവ്വമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വാക്സിന് എതിരേയുള്ളതും ലോക്ക്ഡൗണിന് എതിരേയുള്ളതുമായ പ്രചരണങ്ങളിൽ ആരും മയങ്ങിവീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പബ്ബുകളിലും ബാറുകളിലുമൊക്കെ അഭൂതപൂർവ്വമായ തിരക്കിന് കാരണമായ ഫുട്ബോൾ മാച്ചുകളാണ് ഇപ്പോഴുള്ള ഈ വർദ്ധനയ്ക്ക് കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. അതുപോലെ സ്റ്റേഡിയത്തിനകത്തെ തിരക്കും രോഗവ്യാപനത്തിന് കാരണമായതായി ഇവർ പറയുന്നു.

അതേസമയ രോഗവ്യാപനം അണയാൻ തുടങ്ങി എന്നാണ് പ്രൊഫസർ ടിം സ്പെക്ടറിന്റെ വാദം. എന്നാൽ, ഗ്രാഫ് താഴോട്ട് വരുന്നതിന്റെ വേഗത രണ്ടാം തരംഗത്തിൽ സംഭവിച്ചതിനേക്കാൾ കുറവാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, നിലവിൽ വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്തവരാണ് കൂടുതലായി രോഗികൾ ആകുന്നതെന്നും അദ്ദേഹ ചൂണ്ടിക്കാട്ടി. ഒരുപക്ഷെ വാക്സിൻ എടുക്കാത്തവരെയെല്ലാം ബാധിച്ചതിനാലാകാം ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് വൈറസ് കടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ് 11 ലെ കണക്കുകൾ അനുസരിച്ച് 1 ലക്ഷ പേരിൽ 4.4 പേരാണ് ഇംഗ്ലണ്ടിൽ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ മാർച്ച് 14 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ആശുപത്രിയിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. 1 ലക്ഷം പേരിൽ 10.5 പേർ ഇവിടെ ആശുപത്രികളിൽ കോവിഡ് ചികിത്സതേടിയെത്തുന്നു. അതേസമയ ഇന്നലെ 5 ലക്ഷം ബ്രിട്ടീഷുകാരോടാണ് എൻ എച്ച് എസ് കോവിഡ് ആപ്പ് സെൽ-ഫ് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടത്. ഒരൊറ്റ ദിവസം ഇത്രയും പേർക്ക്ക്ക് സെൽഫ് ഐസൊലേഷനുള്ള നിർദ്ദേശം നൽകുന്നത് ഇതാദ്യമായാണ്.