ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷൻ മുന്നോട്ട് വച്ച ശമ്പള ഓഫർ സർക്കാർ അംഗീകരിച്ചതോടെ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാരുടെ സമരം പിൻവലിച്ചു.നഴ്സുമാരുടെ തൊഴിൽ കരാറിനെച്ചൊല്ലി NZNO യും DHB കളും തമ്മിലുള്ള ചർച്ചയിലാണ് പുതിയ തൊഴിൽ കരാർ സംബന്ധിച്ച് തീരുമാനം ആയത്, ഇതോടെ മുമ്പ് പ്രഖ്യാപിച്ച വരും ദിവസങ്ങളിലെ സമരം ഉണ്ടാകില്ലെന്ന് യൂണിയനും അറിയിച്ചു.

ജൂലൈ 29 ന് 24 മണിക്കൂറും, ഓഗസ്റ്റ് 19 ന് എട്ട് മണിക്കൂർ പണിമുടക്കും, സെപ്റ്റംബർ 9 ന് 24 മണിക്കൂർ പണിമുടക്കും ആയിരുന്നു യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. മെച്ചപ്പെട്ട ശമ്പളത്തിനും തൊഴിൽ സാഹചര്യങ്ങൾക്കുമായി സർക്കാരുമായി നടത്തിയ മുൻ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയത്. കരാർ ചർച്ചകൾ തകർന്നപ്പോൾ 30,000 നഴ്സുമാർ ജോലിയിൽ നിന്ന് കഴിഞ്ഞ മാസവും മാറി നിന്നത് ആശുപത്രി പ്രവർത്തനത്തെ ബാധിച്ചിരുന്നു.

ചർച്ചകളിൽ തീരുമാനമായ പുതിയ കരാർ പ്രകാരം 27 മാസത്തിനുള്ളിൽ ഏറ്റവും പുതിയ ഓഫറിന് 408 മില്യൺ ഡോളർ മാറ്റിവക്കേണ്ടിവരും.ശമ്പളത്തിൽ 17 ശതമാനം വർധനവാണ് നഴ്സുമാർ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ സർക്കാർ എത്ര ശതമാനം വർദ്ധനവ് അംഗീകരിച്ചുവെന്ന കാര്യം പുറത്ത് വന്നിട്ടില്ല.