കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ച് നടപ്പിലാക്കുവാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

സിബിസിഐ ലെയ്റ്റി കൗൺസിലും വിവിധ ക്രൈസ്തവ സംഘടനകളും ഉയർത്തിക്കാട്ടിയ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവേചനവും നീതിനിഷേധവും ശരിയാണെന്ന് കണ്ടെത്തി ഭരണഘടനാവിരുദ്ധനടപടിക്കെതിരെയുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനത്തിലെത്തിയത്. സ്‌കോളർഷിപ്പ് വിതരണത്തിലെ 80:20 അനുപാതം അടിസ്ഥാനമില്ലാത്തതാണെന്ന് മനസ്സിലാക്കി നടപടികളിലേയ്ക്ക് നീങ്ങുന്ന സംസ്ഥാന സർക്കാർ മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും കാലങ്ങളായി തുടരുന്ന ക്രൈസ്തവ വിരുദ്ധത അവസാനിപ്പിക്കണം. കേന്ദ്രസർക്കാർ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ഉൾപ്പെടെ ഇതര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിലും തിരുത്തലുകൾക്ക് സർക്കാർ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.