കോട്ടയം: കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെയുള്ള ദേശീയ കർഷകപ്രക്ഷേഭത്തിന്റെ ഭാഗമായി ജൂലൈ 22ന് പാർലമെന്റിലേയ്ക്കുള്ള കർഷകമാർച്ചിന് കേരളത്തിൽ നിന്നുള്ള കർഷകനേതാക്കൾ പങ്കെടുത്ത് നേതൃത്വം നൽകുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അറിയിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ്, കൺവീനർ ജോയി കണ്ണഞ്ചിറ, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, അഡ്വ.സുമിൻ എസ്. നെടുങ്ങാടൻ, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ജോസഫ് വടക്കേക്കര, അഥിരഥൻ പാലക്കാട്, പോൾസൺ അങ്കമാലി, ജോയി മലമേൽ, ആനന്ദൻ പയ്യാവൂർ, അമൽ പുളിക്കൽ, ഹംസ പുല്ലാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കർഷകസംഘടനകളിലെ നൂറിൽപരം പ്രവർത്തകർ ജൂലൈ 19ന് ഡൽഹിയിലേയ്ക്ക് കണ്ണൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 1.30-ന് യാത്രതിരിക്കും. കർഷക നേതാക്കൾക്ക് കണ്ണൂരിൽ ബിഷപ് മാർ ജോസഫ് പാംപ്ലാനി അഭിവാദ്യം ചെയ്ത് പിന്തുണ പ്രഖ്യാപിക്കും.

കർഷകസമരം എട്ടാം മാസത്തിലേയ്ക്ക് കടന്നതോടുകൂടി പുതിയ സമരമുറകൾ സ്വീകരിക്കാൻ കർഷകർ നിർബന്ധിതരാകുന്നുവെന്നും കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിച്ച് കർഷകദ്രോഹനിയമങ്ങൾ പിൻവലിച്ച് കാർഷികമേഖലയെ രക്ഷിക്കാൻ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധിയിലും കർഷകസമരത്തിന്റെ വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് വിവിധ സംസ്ഥാനങ്ങളിൽ കർഷകപ്രസ്ഥാനങ്ങൾ കരുത്താർജിച്ചിരിക്കുന്നതെന്നും വരുംനാളുകളിൽ കർഷകപ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്രാപിക്കുമെന്നും ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസും കൺവീനർ ജോയി കണ്ണഞ്ചിറയും പറഞ്ഞു. ഡൽഹിയിൽവെച്ച് കേരള കർഷക പ്രതിനിധി സംഘം ദേശീയ കർഷകനേതാക്കളുമായും ഇതര സംസ്ഥാനങ്ങളിലെ കർഷക സംഘടനാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ വന്യമൃഗശല്യം, ഭൂപ്രശ്നങ്ങൾ, കാർഷിക വിലയിടിവ്, ബഫർസോൺ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്ത് ദേശീയതലത്തിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ ആലോചിക്കും. കേരളത്തിലെ കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ചുള്ള നിവേദനങ്ങൾ വിവിധ സർക്കാർ വകുപ്പുകളിൽ കർഷകനേതാക്കൾ സമർപ്പിക്കും.