കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ പി കൃഷ്ണപിള്ള മന്ദിരത്തിലെ എം കണാരൻ സ്മാരക ഹാളിൽ നിൽക്കുമ്പോൾ മന്ത്രി കെ രാജന്റെ മനസ്സിൽ പോരാട്ടവീര്യം നിറഞ്ഞ ഒരു കാലത്തിന്റെ സ്മരണകൾ ഇരമ്പുകയായിരുന്നു. വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായി നിലകൊണ്ട കാലത്ത് കോഴിക്കോട്ടെ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന സഹപ്രവർത്തകരെല്ലാം അപ്പോൾ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. അവർക്കൊപ്പം മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും, സ്വപ്നം കണ്ടും, സിനിമ കണ്ടും, വിമർശിച്ചും, പട്ടിണി കിടന്നും മുന്നോട്ടുപോയ കോഴിക്കോട്ടെ ഒരു കാലത്തെക്കുറിച്ച് ഓർത്തപ്പോൾ അദ്ദേഹം പലപ്പോഴും വികാരാധീനനായി.
സമരമാണ് ജീവിതം എന്ന് തീരുമാനിച്ച ഒരു കാലമായിരുന്നു അതെന്ന് കെ രാജൻ ഓർത്തെടുത്തു.

സംഘടനാ പ്രവർത്തനകാലത്തെ ഏറ്റവും ഊഷ്മളമായ അനുഭവങ്ങളാണ് കോഴിക്കോട് തനിക്ക് പകർന്നു നൽകിയത്. നമ്മുടെ ജീവിതം തന്നെയായിരുന്നു നമ്മളുയർത്തിയ സമരമുഖങ്ങൾ. ആ കാലം ജീവിതത്തിലുണ്ടാക്കിയ ആദർശ ശുദ്ധിയാണ് ഒന്നിനു മുന്നിലും പതറാതെ മുന്നോട്ടു പോകാനുള്ള കരുത്ത് നൽകിയത്. സമരങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ പിന്നീടുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നമ്മൾ ആലോചിച്ചിരുന്നില്ല.

സമര പതാകകൾ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ അത് നമുക്ക് പകർന്നു നൽകിയത് വല്ലാത്തൊരു ആവേശമായിരുന്നു. ആത്മത്യാഗത്തിന്റെ പ്രവാഹമായിരുന്നു സിരകളിൽ നിറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റവന്യു മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ കെ രാജൻ തിരക്കു പിടിച്ച ഔദ്യോഗിക പരിപാടികൾക്കിടയിലാണ് വിദ്യാർത്ഥി യുവജന കാലത്തെ കോഴിക്കോട്ടെ സഹപ്രവർത്തകർക്കൊപ്പം സമര സ്മരണകൾ പങ്കിടാനെത്തിയത്. എ ഐ വൈ എഫ് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ കടലിരമ്പം, ഭരണമികവിന്റെ പുതിയ കാലം എന്ന പരിപാടി ഏറെ വൈകാരികത നിറഞ്ഞതായിരുന്നു.

കോഴിക്കോട് ജില്ലയിൽ താൻ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്ന് കെ രാജൻ പറഞ്ഞു. സംഘടനയ്ക്ക് സ്വാധീനം കുറഞ്ഞസ്ഥലങ്ങളിൽ പോലും അക്കാലത്ത് എത്തിപ്പെട്ടിട്ടുണ്ട്. കൃത്യമായ നിലപാടുകൾക്കൊപ്പമാണ് തങ്ങളെന്ന ബോധ്യമാണ് അന്ന് മുന്നോട്ട് നയിച്ചത്. ആ ശരിയായ നിലപാടുകൾക്കൊപ്പം തന്നെയാണ് ഇന്നും യാത്ര ചെയ്യുന്നതെന്നത് ജീവിതത്തിന് കരുത്ത് പകരുന്നു. സംഘടനാ പ്രവർത്തനം തന്ന ആത്മവിശ്വാസമാണ് മന്ത്രിയായപ്പോൾ ഉള്ളത്.

കോഴിക്കോട് തന്ന കരുത്താണ് അതിൽ പ്രധാനം. തൃശ്ശൂരിലെ അന്തിക്കാടെന്നസമരഭൂമിയിൽ ജനിച്ചു വളർന്ന തനിക്ക് കോഴിക്കോട് മറ്റൊരു വീടായിരുന്നു. പാർട്ടി പ്രവർത്തകരെല്ലാം തന്റെ കുടുംബക്കാരായിരുന്നു. പൊലീസ് കാന്റീനിൽ നിന്ന് അക്കാലത്ത് കഴിച്ച ഭക്ഷണത്തിന്റെ രുചിവരെ ഓർത്തെടുത്തുകൊണ്ടാണ് മന്ത്രി സംസാരം അവസാനിപ്പിച്ചത്.

എ ഐ എസ് എഫ്, എ ഐ വൈ എഫ് സംസ്ഥാന സമ്മേളനങ്ങൾക്കും സമരപോരാട്ടങ്ങൾക്കും കോഴിക്കോട്ട് രാജനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെ സഹപ്രവർത്തകർ അഭിമാനത്തോടെ ഓർത്തെടുത്തു. എല്ലാറ്റിനും നേതൃത്വം നൽകാൻ രാജേട്ടൻ ഉണ്ടായിരുന്നു എന്നതായിരുന്നു തങ്ങളുടെ ധൈര്യം. അന്ന് ഒപ്പമുണ്ടായിരുന്നയാൾ ഇന്ന് കേരളത്തിന്റെ റവന്യു വകുപ്പ് മന്ത്രിയായിരിക്കുന്നു എന്നത് വലിയ അഭിമാനമാണ്. പാവപ്പെട്ട, നിരാലംബരായ ജനങ്ങൾക്ക് ആശ്വാസം പകരാൻ കെ രാജൻ എന്ന മന്ത്രിയുണ്ടാവും.

പോരാട്ടങ്ങളുടെ.. ത്യാഗങ്ങളുടെ സ്മരണകൾ മുന്നോട്ടുള്ള വഴികളിൽ മന്ത്രിയായ പഴയ സഹപ്രവർത്തകന് കരുത്തു പകരുമെന്നും പ്രവർത്തകർ വ്യക്തമാക്കി. എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പിഗവാസ് അധ്യക്ഷത വഹിച്ചു. സുഹൃത്തുക്കളുടെ സ്‌നേഹോപഹാരം ടി എം ശശി മന്ത്രിക്ക് സമർപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ശ്രീജിത്ത് മുടപ്പിലായി, ഒ കെ ഷിജു, കെ. അജിന,കെ പി ബിനൂപ്, ബി ദർശിത്ത് തുടങ്ങിയവർ സംസാരിച്ചു.