- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കളുമായി ചന്ദനമരം മോഷ്ടിക്കാൻ കാട്ടിനുള്ളിൽ എത്തി; തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ കൊക്കയിലേക്ക് വീണ് 35കാരൻ മരിച്ചു: മൃതദേഹം കണ്ടെത്തിയത് ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ
മറയൂർ: സുഹൃത്തുക്കളുമായി ചന്ദനമരം മോഷ്ടിക്കാൻ കാട്ടിലെത്തിയ യുവാവ് കാലു തെന്നി കൊക്കയിൽ വീണ് മരിച്ചു. മറയൂർ സാൻഡൽ ഡിവിഷനിൽ കാരയൂർ കാടിനുള്ളിലാണ് സംഭവം. പാറയിൽ നിന്ന് കാലുതെന്നി 300 അടി താഴ്ചയിലേക്കു വീണ തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ ചന്ദനമരവുമായി കടന്നു. തമിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയംപാടിയിൽ നിന്നുള്ള സതീഷ് (35) ആണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം ചന്ദനക്കാടിനുള്ളിൽ എത്തിയത്. വനപാലകരുടെ കണ്ണിൽപെടാതെ ചന്ദനം മുറിച്ച് തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ സംഘത്തിലെ ഒരാൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു. ചന്ദ്രമണ്ഡലമെന്ന് അറിയപ്പെടുന്ന ഈ സ്ഥലത്തെ പാറക്കെട്ടുകൾക്ക് സമുദ്രനിരപ്പിൽ നിന്ന് 5003 അടിയോളം ഉയരമുണ്ട്. പിന്നാലെ ഊർന്നിറങ്ങിയെത്തിയ കൂട്ടുകാർ ആംബുലൻസിന്റെ സഹായം തേടിയ ശേഷം സ്ഥലം വിട്ടു.
ചന്ദനം മുറിക്കാൻ കാടിനുള്ളിൽ എത്തിയതാണെന്നും കൂടെയുള്ളയാൾക്ക് അപകടം പറ്റിയെന്നും ആംബുലൻസുകാരോടു പറഞ്ഞെങ്കിലും കാടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് വാഹനത്തെ കാട്ടാനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. ഇന്നലെ പകൽ വീണ്ടും തിരച്ചിൽ നടത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മറയൂർ ഇൻസ്‌പെക്ടർ പി.ടി.ബിജോയ്, എസ്‌ഐ അനൂപ് മോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനുകുമാർ, ജാഫർ, ഷെമീർ, ഡെന്നി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികൾ. കുണ്ടകാട് ആനക്കെട്ടാൻ പള്ളത്തിൽ ഭാഗത്തുനിന്ന് 2 ചന്ദനമരങ്ങൾ മോഷണം പോയതായി വനംവകുപ്പ് കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ