- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്ക് ആരുടെയും സഹായം ആവശ്യമില്ല; കോടികളുടെ സമ്പാദ്യം ഉണ്ട്: വ്യാജ പ്രചാരണങ്ങളോട് നാരായണ മൂർത്തി
സുഖ സൗകര്യങ്ങളോടെ ജീവിച്ച പലരും കോവിഡിൽ സാമ്പത്തികമായി തകർന്ന് പട്ടിണിയുടെ വക്കിലാണ്. നിരവധി സിനിമാക്കാരാണ് കോവിഡിൽ തകർന്നു പോയത്. പ്രായമായ സിനിമാപ്രവർത്തകർ പലരും ചികിത്സയ്ക്കും മറ്റും പണമില്ലാതെ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ആർ നാരായണ മൂർത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വീടിന് വാടക കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നുമായിരുന്നു അത്.
എന്നാൽ ഇപ്പോൾ ഈ വാർത്തയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും കോടികളുടെ സമ്പാദ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിൽ ജീവിക്കുന്നതുകൊണ്ട് തന്നെ ദരിദ്രനായി ചിത്രീകരിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ലെന്ന് ആർ നാരായണ മൂർത്തി പറഞ്ഞു.
'ഞാൻ ജീവിക്കുന്നത് ബംഗ്ലാവിലല്ല. ഗ്രാമത്തിലാണ്. എനിക്ക് അതാണ് ഇഷ്ടം. ആഡംബരങ്ങളോട് താൽപര്യമില്ലാത്ത ജീവിത ശൈലിയാണ് എന്റേത്. ഞാൻ പാവപ്പെട്ടവനല്ല, പട്ടിണികിടക്കുകയുമല്ല. ഒരുപാട് ഹിറ്റ് സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചതിനാൽ കോടികളുടെ സമ്പാദ്യം എനിക്കുണ്ട്. എനിക്ക് സഹായം നൽകാൻ ആരാധകർ രംഗത്ത് വന്നിരുന്നു. ഞാൻ പറയട്ടെ. എനിക്ക് ആരുടെയും സഹായം ആവശ്യമില്ല.
അന്തരിച്ച സംവിധായകനും നിർമ്മാതാവുമായ ദസരി നാരായണ റാവു എനിക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ഫ്ളാറ്റ് സമ്മാനമായി നൽകിയിരുന്നു. ഞാൻ അത് സ്നേഹത്തോടെ നിരസിക്കുകയാണ് ചെയ്തത്. എനിക്ക് പട്ടണത്തിൽ ജീവിക്കാൻ താൽപര്യമില്ല. തെലുങ്കാന സർക്കാർ എനിക്ക് ഭൂമി നൽകാമെന്ന് പറഞ്ഞിരുന്നു. അതും ഞാൻ വേണ്ടെന്ന് പറഞ്ഞു. അർഹരായവർക്ക് അതെല്ലാം ലഭിക്കട്ടെ. എനിക്ക് ആവശ്യമില്ല'-ആർ.നാരായണ മൂർത്തി പറഞ്ഞു.