പൊന്നാനി: കേരളാ സർക്കാർ പ്രവാസികൾക്കായി രൂപീകരിച്ച പ്രവാസി ക്ഷേമ നിധിയിൽ അംഗങ്ങളായി ചേർന്നവർക്കുള്ള പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മുഴുവൻ പ്രവാസികളും അവരുടെ സംഘടനകളും ശ്രദ്ധ ശ്രദ്ധ കാണിക്കണമെന്ന് പ്രമുഖ നോർക്ക ആക്ടിവിസ്റ്റ് എം. ഉമ്മർകോയ തുറക്കൽ പറഞ്ഞു. കേരള സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭ്യമാവുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ സർക്കാർ പുതുതായി പല നിബന്ധനകളും കൂട്ടിച്ചേർത്തിട്ടുണ്ടെന്നും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങളും വാർദ്ധക്യകാല പെൻഷനുകളുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും അന്യമാവാൻ ഇടയാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പൊന്നാനി സ്വദേശികളുടെ ആഗോള വേദിയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലിയു എഫ്) സംഘടിപ്പിച്ച വെബിനാറിൽ 'പ്രവാസിയും ക്ഷേമവും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മർകോയ.

'നോർക്ക പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ സംബന്ധിച്ച് എത്ര പ്രവാസികൾക്ക് അറിവും ബോധവുമുണ്ടെന്നത് പരിതാപകരമായ ഒരു വസ്തുതയാണ്. കേരളത്തിലെ നാല് വിമാനതാവങ്ങളിലും പ്രവാസ ലോകത്ത് നിന്ന് അത്യാഹിതങ്ങൾ സംഭവിച്ച് വരുന്നവർക്ക് വേണ്ടി സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് എത്ര പേർക്ക് അറിയാം?' ഉമ്മർ കോയ ചോദിച്ചു. തങ്ങൾക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സേവനങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ളവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശാദായമടക്കുന്ന പ്രവാസികൾക്കും തങ്ങൾക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കേണത് അനിവാര്യമാണെന്നും നോർക്ക റഫറൻസ് കൂടിയായ ഉമ്മർ കോയ തുറക്കൽ പറഞ്ഞു.

പി സി ഡബ്ലിയു എഫ് ഗ്ലോബൽ പ്രസിഡണ്ട് അഷ്റഫ് ദിലാറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അനീസ്, ബിജേഷ് എന്നിവരും സംസാരിച്ചു. ഐ ടി ചെയർമാൻ അലി, ലത്തീഫ് കുളക്കര, അൻസാർ നെയ്തല്ലൂർ, ബിജു ദേവസ്യ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് സ്വാഗതവും ട്രഷറർ രതീഷ് നന്ദിയും ആശംസിച്ചു.