- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്ക് സൗദിയിൽ നേരിട്ട് എത്താനുള്ള അനുമതിക്കായി നടത്തുന്ന നീക്കം വിജയിക്കുമെന്ന് പ്രതീക്ഷ; വിവരങ്ങൾ സൗദി സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതിലെ തടസ്സങ്ങൾ നീക്കാനും ശ്രമം; ഇൻഡോ - സൗദി സഹകരണം പാരമ്യത്തിൽ': ഇന്ത്യൻ അംബാസിഡർ
ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര സൗഹാർദവും സഹകരണവും അഭൂതപൂർവമായ ആഴത്തിലും പരപ്പിലുമാണ് നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും മഹാമാരിയിലും ഇത് ഏറെ പ്രകടമായെന്നും സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഇന്ത്യ ഇതിനകം സൗദിയിലേക്ക് 5.5 മില്യൻ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തപ്പോൾ കോവിഡ് ആശ്വാസ പ്രവർത്തങ്ങൾക്കായി ഇന്ത്യയ്ക്ക് സൗദി നിർലോഭം ഓക്സിജൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്തതായി അംബാസഡർ വിവരിച്ചു. സഹകരണം ഇനിയും ശക്തവും വിപുലവുമാക്കുന്നതിനുള്ള ശ്രമം ഇരു ഭാഗത്തു നിന്നും തുടരുന്നുണ്ട്. പുതുതായി, സൗദിയിൽ ഇന്ത്യയുടെ യോഗ ജനകീയമാക്കാനുള്ള പദ്ധ്വതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ധാരണകളിൽ ഒപ്പു വെച്ച് കഴിഞ്ഞു. വിനോദ സഞ്ചാര മേഖലകളിലും ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ വീഥികൾ തെളിഞ്ഞിട്ടുണ്ട് - അംബാസഡർ വിവരിച്ചു.
ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരിട്ട് സൗദിയിൽ എത്തുന്നതിനുള്ള അനുമതിക്കായി ഇന്ത്യ നടത്തുന്ന ശ്രമം തുടരുമെന്നും അത് താമസിയാതെ വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. 'ഇന്ത്യ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയ സൈറ്റിലും മുഖീം പോർട്ടലിലും അപലോഡ് ചെയ്യുന്നതിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളും സൗദി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്'. ഇതുൾപ്പെടെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൗദി പ്രവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് എത്രയും വേഗത്തിലുള്ള പരിഹാരത്തിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നുള്ള ഉറപ്പാണ് സൗദിയിലെ ആരോഗ്യ, വ്യോമയാന മന്ത്രാലയങ്ങളിൽ നിന്ന് ലഭിക്കാനായതെന്നും അംബാസിഡർ തുടർന്നു.
'ഒളിച്ചോട്ടം' (ഹുറൂബ്) മുദ്ര പേറുന്നവർക്കും ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിൽ ജിദ്ദയിലെ കോൺസുലേറ്റിൽ അപേക്ഷ നൽകണമെന്ന് അംബാസിഡർ പറഞ്ഞു. ഇതിന്റെ കോപ്പി റിയാദിലെ എംബസിയിലും എത്തിക്കണം. ഇക്കാര്യത്തിൽ നിയമപരമായ മറ്റു തടസങ്ങൾ ഇല്ലാത്തവർക്ക് ആവശ്യമായ സഹായങ്ങൾ തുടർന്നും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്യ്‌ര ദിനത്തിന്റയും ഇന്ത്യ - സൗദി നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെയും വജ്ര ജൂബിലി വർഷമായി 2022 നോട് അനുബന്ധച്ച് രണ്ടു വർഷം നീളുന്ന ആഘോഷപരിപാടികൾ ഉദ്യേശിക്കുന്നതായി അംബാസഡർ വെളിപ്പെടുത്തി. ക്രിക്കറ്റ് മത്സരങ്ങൾ, ഫുട്‌ബോൾ മത്സരങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പരിപാടികൾ ഇരു രാജ്യങ്ങളിലുമായാണ് അരങ്ങേറുക. സൗദിയിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ വച്ചായിരിക്കും നടക്കുക. വിവിധ , സാഹിത്യ, സാംസ്‌കാരിക, കല, കായിക പരിപാടികളും ഇൻഡോ - സൗദി 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു അംബാസിഡർ. കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പരിപാടിയിൽ വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും മറ്റുമായും എത്തിയ അമ്പതിലേറെ പ്രതിനിധികൾക്ക് പുറമെ കോൺസൽ ജനറൽ ഡോ. മുഹമ്മദ് ഷാഹിദ് ആലം, വിവിധ വകുപ്പുകളുടെ ചുമതലയുള്ള കോൺസൽമാർ എന്നിവരും സംബന്ധിച്ചു.