ബെർലിൻ: നിമിഷങ്ങൾ കൊണ്ടാണ് ജർമനിയിൽ എല്ലാം വെള്ളത്തിനടിയിലായത്. പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 128 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. പ്രളയം കൂടുതൽ ദുരന്തം വിതച്ച പടിഞ്ഞാറൻ ജർമനിയിൽ നിരവധി പേർ ഇപ്പോഴും കാണാമറയത്താണ്. 'മരണത്തിന്റെ പ്രളയം' എന്നാണ് ജർമൻ പത്രമായി ബിൽഡ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.

ചില പ്രദേശങ്ങളിൽ റോഡുകൾ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. രണ്ടു മാസത്തിൽ പെയ്യേണ്ട മഴ രണ്ടു ദിവസത്തിൽ പെയ്തതായാണ് മിന്നൽ പ്രളയത്തിനു പിന്നാലെ ഫ്രഞ്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് മഴ കൊടുംനാശം വിതച്ചത്. നദികൾ കരകവിഞ്ഞൊഴുകി. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കാറുകൾ ഒഴുകിപ്പോയി. വ്യാപകമായ മണ്ണിടിച്ചിലുമുണ്ട്. റോഡ്, റെയിൽ ഗതാഗതം തകരാറിലായി. പലയിടത്തും ഫോൺ, ഇന്റർനെറ്റ് ബന്ധം നിലച്ചു.

വെള്ളമിറങ്ങിയ തെരുവോരങ്ങളിൽ വാഹനങ്ങൾ കൂട്ടമായി ഒന്നിനു മേലെ ഒന്നായി മറിഞ്ഞുകിടക്കുന്നു. ചില ജില്ലകൾ പൂർണമായും നശിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ അവൈയ്ലർ ജില്ലയിൽ നിരവധി വീടുകൾ നാമാവശേഷമായി. സുനാമിയോടാണ് ഈ ഭീകരതയെ ജനങ്ങൾ താരതമ്യം ചെയ്തത്.
'കാറുകൾ, കാരവനുകൾ എല്ലാം വെള്ളത്തിൽ ഒഴുകി നടക്കുന്നു, മരങ്ങളൊക്കെ വേരൊടെ പിഴുതുപോയി, വീടുകൾ തകർന്നടിഞ്ഞു. ഞങ്ങൾ കഴിഞ്ഞ 20 വർഷമായി ഇവിടെ ജീവിക്കുകയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല. യുദ്ധമേഖല പോലെയാണ് ഇവിടെ ഇപ്പോൾ' ജർമനിയിലെ ഷോൾഡ് മേഖലയിൽ താമസിക്കുന്ന 65 വയസ്സുകാരനായ ഹാൻസ് ഡൈറ്റർ രാജ്യാന്തര വാർത്ത ഏജൻസിയോടു പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതോടെ ജർമനിയിൽ മാത്രം ആകെ മരണം 108 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 1300 പേരെ കാണാതായി. ജർമനിയുടെ അയൽരാജ്യമായ ബെൽജിയത്തിൽ ഇതുവരെ 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുപതോളം പേരെ ഇവിടെ കാണാതായി. ജർമൻ അതിർത്തിയോടു ചേർന്ന കിഴക്കൻ മേഖലയിലാണ് ബൽജിയത്തിൽ പ്രളയക്കെടുതി രൂക്ഷമായത്.